
കൊടുവള്ളി: സ്കൂട്ടർ മോഷണക്കേസിൽ കുട്ടികളടക്കം നാലുപേർ പിടിയിലായി. മടവൂർ ചെറിയതാഴം ചിക്കു എന്ന അർജുനും (18) പ്രായപൂർത്തിയാകാത്ത മൂന്നുപേരുമാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.
ദേശീയപാതയിൽ വാവാട് ഇരുമോത്ത് വർക്ക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടറും എം.പി.സി ആശുപത്രി ഷെഡിൽ നിർത്തിയിട്ട ബൈക്കും മോഷ്ടിച്ചു കടന്നുകളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.
മുഖ്യപ്രതി വാഹനമോഷണങ്ങൾക്കു പുറമെ മറ്റു മോഷണക്കേസുകളിലും ഉൾപ്പെട്ടയാളാണ്. കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്.ഐ പ്രകാശൻ, ജൂനിയർ എസ്.ഐ രശ്മി, എ.എസ്.ഐ സജീവൻ, ജയരാജൻ, ഷഫീഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.