ബേപ്പൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കാനിരിക്കെ ബോട്ടുകൾ ചാകരതേടി കടലിലേക്ക് കുതിക്കുന്നതിനായി മുന്നൊരുക്കങ്ങൾ തുടങ്ങി. ഭൂരിഭാഗം ബോട്ടുകളും അറ്റകുറ്റപണികൾ തീർത്ത് പെയിന്റിങ് ചെയ്തു പുത്തൻ രൂപത്തിലാക്കി. പുതിയ വലകൾ സെറ്റ് ചെയ്യുന്നതിനും പഴയതിന്റെ കേടുപാടുകൾ തീർക്കുന്നതിനുമായി ബോട്ടുടമകൾക്ക് ലക്ഷങ്ങളാണ് ചെലവായത്. ആവശ്യമായ ഇന്ധനം ശേഖരിക്കാനായി ഹാർബറിലെ ഡീസൽ ബങ്കുകൾ വ്യാഴാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ ഫിഷറീസ് വകുപ്പ് പ്രത്യേക അനുവാദം നൽകി. ഐസും ശുദ്ധജലവും തൊഴിലാളികൾക്കുള്ള ഭക്ഷണസാധനങ്ങളും ബോട്ടുകളിൽ കയറ്റുന്ന ജോലികളും നടന്നുവരികയാണ്.
ട്രോളിങ് കാലത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയ മീൻപിടിത്ത ഉപകരണങ്ങളായ വല, ബോർഡ് അനുബന്ധ സാമഗ്രികൾ, വയർലെസ്, ജി.പി.എസ്, എക്കോ സിസ്റ്റം, വാക്കി-ടോക്കി തുടങ്ങിയ ഇലക്ട്രോണിക്സ് എന്നിവ ബോട്ടുകളിൽ ഘടിപ്പിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ആഴക്കടൽ മീൻപിടിത്തം ലക്ഷ്യമാക്കി പോകുന്ന ബോട്ടുകൾ മത്സ്യലഭ്യതക്കനുസരിച്ച് ഒരാഴ്ചയെങ്കിലും കഴിഞ്ഞതിനുശേഷമാണ് തിരിച്ചുവരിക. നീണ്ട 52 ദിവസത്തെ ഇടവേളക്കുശേഷം മീൻപിടിത്തത്തിനിറങ്ങുമ്പോൾ ഇത്തവണയും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.
ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായ രജിസ്റ്റർ ചെയ്ത 1250- ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്. ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്.