നടുവണ്ണൂർ: നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാന പാതയിൽ റോഡ് ഇല്ലാതാവുന്നു. പകരം വൻ ഗർത്തങ്ങൾ മാത്രം. റോഡ് കുണ്ടും കുഴികളുമായി തീർത്തും ഗതാഗതത്തിന് പറ്റാതെയായി. വൻ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് അപകടം പറ്റുന്നതും പതിവാണ്.
നടുവണ്ണൂർ അങ്ങാടിയിൽ അപകടക്കുഴികളെ ഭയന്ന് വാഹനം ഓടിക്കുകയാണ് ഡ്രൈവർമാർ. കുളം പോലെയായ റോഡിൽ വാഹനങ്ങൾ പതുക്കെ പോകുന്നത് കാരണം ട്രാഫിക് ബ്ലോക്കും പതിവായി. മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്കാണ് നടുവണ്ണൂർ അങ്ങാടിയിൽ രൂപപ്പെടുന്നത്.
കോഓപറേറ്റിവ് ബാങ്കിന് മുൻവശം റോഡ് പൂർണമായും തകർന്നു. ഇവിടെ റോഡിൽ വലിയ കുളം രൂപപ്പെട്ടു. വാഹനങ്ങൾ കുഴികളൊഴിവാക്കി റോഡരികിലൂടെ പോവുമ്പോൾ കാൽനടക്കാർക്ക് പോകാനും പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഇതുവഴി ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. ബാങ്ക് ഓഫ് ബറോഡക്ക് മുന്നിലും റോഡ് തകർന്ന് കുഴികളായി.
നടുവണ്ണൂർ ഗവ. സ്കൂളിന് മുൻവശം, അങ്ങാടിയിൽ ബാങ്ക് വളപ്പിന് മുൻവശം, എസ്.ബി.ഐ ബാങ്ക് മുതൽ കരുവണ്ണൂർ പെട്രോൾ പമ്പ് വരെയുള്ള ഭാഗങ്ങൾ, ചാലിക്കര ഭാഗം തുടങ്ങി നിരവധി ഭാഗങ്ങളിൽ റോഡ് കുണ്ടും കുഴികളുമായി. കനത്ത മഴ പെയ്യുന്നതോടെ മഴവെള്ളം നിറഞ്ഞ കുഴികൾ വാഹന യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്. വലിയ കുണ്ടിലും കുഴികളിലും വീണ് വാഹനങ്ങൾക്ക് കേടുപറ്റുന്നതും പതിവായി.