പശ്ചിമഘട്ടത്തിലെ ജനവാസ മേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുപകരം സുരക്ഷിത ജീവിതമൊരുക്കാൻ പദ്ധതി വരുന്നു. നീർച്ചാൽ ശൃംഖല കണ്ടെത്തി മാപ്പിങ് നടത്തും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, സംസ്ഥാന ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കേരള പുനർനിർമാണത്തിന്റെ ഭാഗമായാണ് പദ്ധതി.
പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സംസ്ഥാനത്തെ 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. ഐ.ടി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന മാപ്പത്തോൺ പ്രക്രിയയിലുൾപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളുടെയും നേരിട്ടുള്ള സന്ദർശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല പൂർണമായി കണ്ടെത്തി മാപ്പ് ചെയ്താണ് പദ്ധതി പ്രവർത്തനം.
ജില്ലയിൽ പശ്ചിമഘട്ട മലനിരകൾ ഉൾക്കൊള്ളുന്ന 14 പഞ്ചായത്തുകളിലാണ് നീർച്ചാലുകളുടെ മാപ്പിങ് നടത്തുന്നത്. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് മാപ്പിങ് നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് പ്രവർത്തനങ്ങൾ.
നീർച്ചാൽ ശൃംഖല കണ്ടെത്തി അടയാളപ്പെടുത്തുന്ന ആദ്യഘട്ട പ്രവർത്തനത്തിന് (മാപ്പത്തോൺ) റീബിൽഡ് കേരളം പദ്ധതിയുടെ സാമ്പത്തിക സഹായവും സംസ്ഥാന ഐ.ടി. മിഷന്റെ സാങ്കേതിക പിന്തുണയും ഹരിതകേരളം മിഷന്റെ ഏകോപനവും ഉണ്ടാകും.
നീർച്ചാൽ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടക്കുന്ന രണ്ടാംഘട്ടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിതകേരളം മിഷന്റെയും സഹായത്തോടെ ജനകീയ പിന്തുണകൂടി ഉറപ്പുവരുത്തി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്
മാപ്പത്തോൺ ജില്ലതല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം സീന ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ റോസിലി ജോസഫ്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി പി.എസ്. അജിത്ത്, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൻ ഡോണ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.