തിരുവമ്പാടി: അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിനായുള്ള വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്ക് ഔപചാരിക തുടക്കം. കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ കയാക്ക് ക്രോസ് ഓപൺ വിഭാഗങ്ങളിലെ മത്സരങ്ങളാണ് തുടങ്ങിയത്. പുരുഷ-വനിത താരങ്ങൾ മത്സരത്തിനിറങ്ങി. എട്ട് രാജ്യങ്ങളിൽനിന്നുള്ള 13 അന്തർദേശീയ കയാക്കിങ് താരങ്ങൾ ഉൾപ്പെടെ 70ഓളം താരങ്ങളാണ് മത്സരത്തിനെത്തിയത്. പത്താമത് അന്തർദേശീയ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കയാക്കിങ് ചാമ്പ്യൻഷിപ്. ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിൽ ഫ്രീസ്റ്റൈൽ ഇനങ്ങളുടെ പ്രദർശനം വ്യാഴാഴ്ച നടന്നിരുന്നു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.ടി.പി.സി, കോഴിക്കോട് ജില്ല പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഞായറാഴ്ച സമാപിക്കും. മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. നടൻ ബിനു പപ്പു മുഖ്യാതിഥിയായി.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ്, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് (കോടഞ്ചേരി), ആദർശ് ജോസഫ് (കൂടരഞ്ഞി), ദിവ്യ ഷിബു (കൊടിയത്തൂർ), ബിന്ദു ജോൺസൺ (തിരുവമ്പാടി), കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ വർഗീസ് കോഴപ്ലാക്കൽ, ചാൾസ് തയ്യിൽ, കോടഞ്ചേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, വിനോദസഞ്ചാര വകുപ്പ് ജോ. ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ എന്നിവർ പങ്കെടുത്തു. കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ഡോ. നിഖിൽ ദാസ് നന്ദിയും പറഞ്ഞു.
സാഹസിക പ്രകടനങ്ങൾ
തിരുവമ്പാടി: കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിൽ കയാക്കർമാരുടെ സാഹസിക പ്രകടനങ്ങൾ ആവേശകരമായി. പത്താമത് അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പുഴയിലെ അഭ്യാസപ്രകടനങ്ങൾ കാണാൻ നിരവധി പേരാണ് കോടഞ്ചേരി പുലിക്കയത്ത് എത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാണികളായെത്തി. ബെഞ്ചമിൻ ജേക്കബ് (ഫ്രാൻസ്), മനു വാക്രനഗൽ (ന്യൂസിലൻഡ്), എറിക് ഹാൻസൻ (നോർവെ), മാർട്ടിന റോസ്റ്റി, പൗളോ രോഗ്ന (ഇരുവരും ഇറ്റലി), മരിയ, ഡാരിയ, ആന്റൺ സെഷ്നിക്കോവ് (മൂവരും റഷ്യ), മൈക് ക്രൂട്ടൻസ്കി (സ്പെയ്ൻ) തുടങ്ങിയ വിദേശ താരങ്ങൾ പുലിക്കയം ചാലിപ്പുഴയിൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിനിറങ്ങിയത് ആവേശാനുഭവമായി.