പേരാമ്പ്ര: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ഈ മാസം 25ന് കയാക്കിങ് മത്സരം നടക്കും. ജലപ്പരപ്പുകളിൽ സാഹസിക വിസ്മയം ഒരുക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ ആറുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും വിദേശ കയാക്കർമാർ എത്തുമ്പോൾ നാട് ആവേശത്തിലാണ്.
കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ഓരോ വർഷവും കയാക്കിങ് നടത്താറുണ്ട്. മീൻതുള്ളിപ്പാറയിൽ 2017ലും 2018ലും കയാക്കിങ് ചാമ്പ്യൻഷിപ് നടന്നപ്പോൾ വൻ ജനാവലി എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിനെത്തുടർന്നാണ് ചക്കിട്ടപാറയിൽ കയാക്കിങ്ങിന് ഇക്കുറി അവസരമൊരുങ്ങിയത്.
ഫ്രീസ്റ്റൈൽ വൈറ്റ് വാട്ടർ കയാക്കിങ് ഇനത്തിലാണ് മീൻതുള്ളിപ്പാറയിൽ മത്സരം സംഘടിപ്പിക്കാറുള്ളത്. കടന്തറപ്പുഴയുടെയും മൂത്തേട്ട് പുഴയുടെയും സംഗമസ്ഥലത്തിന് സമീപമാണ് മീൻതുള്ളിപ്പാറ. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുകയാണ്. ഇതാണ് മത്സരത്തിന് അനുയോജ്യം. പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ചെയർമാനും സാമൂഹിക പ്രവർത്തകൻ എം.പി. പ്രകാശൻ കൺവീനറും പഞ്ചായത്തംഗം കെ.എ. ജോസുകുട്ടി ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.