ബാലുശ്ശേരി: നിരവധി കുടുംബങ്ങളെ കബളിപ്പിച്ച് ബാങ്ക് കലക്ഷൻ ഏജന്റ് സ്വർണവും പണവും തട്ടിയെടുത്തതായി പരാതി. ബാലുശ്ശേരി സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റായ തുരുത്ത്യാട് നമ്പിടികണ്ടി എൻ.കെ. മിനി പ്രദേശത്തെ 22 വീട്ടുകാരിൽനിന്ന് 428 പവൻ സ്വർണവും 80 ലക്ഷം രൂപയും ശേഖരിച്ച് തട്ടിപ്പ് നടത്തിയതായാണ് ബാലുശ്ശേരി പൊലീസിൽ പരാതി ലഭിച്ചത്.
തട്ടിപ്പിനിരയായി 60 പവനും 15 ലക്ഷം രൂപയും നഷ്ടപ്പെട്ട തുരുത്ത്യാട് പിലാത്തോട്ടത്തിൽ പ്രിയ, ആറ് പവനും 2.80 ലക്ഷം രൂപയും നഷ്ടപ്പെട്ട റീജ പടിക്കൽ, 34 പവനും 31 ലക്ഷവും നഷ്ടപ്പെട്ട കോക്കല്ലൂർ പറമ്പിൽ മീത്തൽ ജിസി, 17 പവൻ നഷ്ടപ്പെട്ട ജിഷ പടിക്കൽ, 3.5 ലക്ഷവും രണ്ടര പവനും നഷ്ടപ്പെട്ട കോക്കല്ലൂർ കുഞ്ഞോത്ത് പ്രീത എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ച പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തട്ടിപ്പിനിരയായ കെ. പ്രിയ, ഭർത്താവ് പി. നിഷികുമാർ, വി.വി. പ്രഭിലാഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ മാസം മുതൽ പല തവണയായാണ് മിനി തുരുത്ത്യാട്, കോക്കല്ലൂർ പ്രദേശത്തെ വീട്ടുകാരിൽ നിന്ന് പണവും സ്വർണാഭരണങ്ങളും ശേഖരിച്ചത്.
കലക്ഷൻ ഏജന്റായ തനിക്ക് ബാങ്കിൽ സ്ഥിരം ജോലി ലഭിക്കാനാണെന്നും അതിനു വലിയൊരു തുകയോ സ്വർണമോ ഈട് വെക്കണമെന്നും ധരിപ്പിച്ചാണ് മിനി പലരിൽ നിന്നുമായി പണവും സ്വർണവും വാങ്ങിയത്.
20 ദിവസം കൊണ്ട് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണത്തിന് പതിനായിരം രൂപ പലിശയായി നൽകുമെന്ന വാഗ്ദാനവും നൽകി. നാല് ലക്ഷം രൂപ നൽകിയ ചിലർക്ക് അമ്പതിനായിരം രൂപ വരെ പലിശയായി കിട്ടിയിട്ടുണ്ടെന്നു കേട്ട് ഈയൊരു വിശ്വാസത്തിൽ പലരും പണവും സ്വർണവും നൽകുകയായിരുന്നു.
തിരിച്ചു നൽകാമെന്ന തീയതി പലതു കഴിഞ്ഞിട്ടും ആഭരണവും പണവും തിരിച്ചു നൽകിയില്ലെന്നും ബന്ധപ്പെട്ടാൽ സ്ഥലത്തില്ലെന്നും ഫോൺ വിളിച്ചാൽ മറുപടിയില്ലാത്ത അവസ്ഥയാണെന്നും വന്നതോടെ തട്ടിപ്പിനിരയായവർ ബാങ്കിൽ ബന്ധപ്പെട്ടിരുന്നു. മിനിക്ക് ബാങ്കുമായി ഒരു ബന്ധവുമില്ലെന്നും കലക്ഷൻ ഏജന്റ് മാത്രമാണെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചതെന്നും വാർത്തസമ്മേളനത്തിൽ ഇവർ പറഞ്ഞു.
മിനിയുടെ ഭർത്താവിനോട് സംസാരിച്ചപ്പോൾ, പരാതി ഉയർത്തിയാൽ പണവും സ്വർണവും ഒരിക്കലും കിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. സഹകരണ ബാങ്കിന്റെ കലക്ഷൻ ഏജന്റ് പദവിയും ഐഡന്റിറ്റി കാർഡും ദുരുപയോഗം ചെയ്താണ് മിനി തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും കൈപ്പറ്റിയ സ്വർണാഭരണങ്ങളും പണവും തിരികെ ലഭിക്കാൻ നിയമ നടപടി ഉണ്ടാകണമെന്നും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തുരുത്ത്യാട് സി.പി.എം ബ്രാഞ്ച് അംഗമായ മിനിയെ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും സഹകരണ ബാങ്കിന്റെ കലക്ഷൻ ഏജന്റ് സ്ഥാനത്തുനിന്നു നീക്കിയിട്ടുമുണ്ട്.
ബാങ്കിൽ കമീഷൻ അടിസ്ഥാനത്തിൽ നിത്യപിരിവ് നടത്തിയിരുന്ന മിനി സജീവൻ എന്നയാൾ വ്യക്തിപരമായി നടത്തിയ സാമ്പത്തിക ഇടപാടുകൾക്ക് ബാങ്കിന് ഒരു ബന്ധവുമില്ലെന്നും ഇവരുടെ കലക്ഷൻ ഏജന്റ് സ്ഥാനം നിർത്തലാക്കിയിട്ടുണ്ടെന്നും ബാലുശ്ശേരി സഹകരണ അർബൻ ബാങ്ക് ജനറൽ മാനേജർ ടി. നിധീഷ് അറിയിച്ചു.