വടകര: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. തിക്കോടി പള്ളിക്കര സ്വദേശി തച്ചടത്ത് താഴെ കുനി ഉണ്ണികൃഷ്ണനെയാണ് (37) കൈനാട്ടി ദേശീയപാതയിൽ വാഹന പരിശോധനക്കിടെ, വടകര എക്സൈസ് പിടികൂടിയത്. മാഹിയിൽ നിന്ന് സ്കൂട്ടറിൽ ബാഗിലാക്കി കടത്തുകയായിരുന്നു മദ്യം.
തിക്കോടി മേഖലയിൽ വിദേശ മദ്യം വിൽപന നടത്തുന്ന ആളാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് പറഞ്ഞു. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എം.പി. വിനീത്, ഇ.എം. മുസ്ബിൻ, എ. ശ്യാംരാജ്, മുഹമ്മദ് റമീസ്, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി. സീമ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി. രാജൻ എന്നിവർ പങ്കെടുത്തു.