ബാലുശ്ശേരി: മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തിയുടെ കരാറുകാരനെ മാറ്റി. ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻ മുകളിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷം പിന്നിട്ടിട്ടും ഒരു പണിയും തുടങ്ങിയിരുന്നില്ല. കെട്ടിട നിർമാണ പ്രവൃത്തി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോയതിനാൽ കരാർ കമ്പനിയെ പൊതുമരാമത്ത് വകുപ്പ് തന്നെ ഒഴിവാക്കുകയായിരുന്നു. റീ ടെൻഡർ നടപടി പൂർത്തിയാക്കി മലപ്പുറത്തെ നിർമാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
2021 സെപ്റ്റംബറിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി 15 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയ വില്ലേജ് ഓഫിസിന് പിറകിലായി റവന്യൂ വകുപ്പിന്റെ കൈവശമുള്ള 72 സെന്റ് സ്ഥലത്ത് പ്രാരംഭപ്രവർത്തനമായി മരങ്ങൾ മുറിച്ചുമാറ്റുകയും കാട് വെട്ടിത്തെളിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും കാടുമൂടിയത് കഴിഞ്ഞ മാസം വെട്ടിത്തെളിയിച്ചിരിക്കുകയാണ്.
നിർദിഷ്ട സ്ഥലത്തെ മണ്ണെടുത്തു നീക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങളാണ് കരാർ കമ്പനിയെ ഒഴിവാക്കാൻ കാരണം. മണ്ണെടുത്തു നീക്കാനായി വീണ്ടും പുതിയ ടെൻഡർ വിളിച്ചിരിക്കയാണ്. കെട്ടിട നിർമാണം പെട്ടെന്നു തുടങ്ങുമെന്നു കരുതി നേരത്തേ ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് രണ്ടുവർഷം മുന്നേ അടച്ചുപൂട്ടി കോക്കല്ലൂരിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
പുതിയ കരാർ കമ്പനിയുടെ കീഴിൽ കെട്ടിട നിർമാണ പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് കെ.എം. സച്ചിൻ ദേവ് എം.എൽ.എ പറഞ്ഞു.
ബാലുശ്ശേരി ടൗണിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, എക്സൈസ് ഓഫിസ്, വൈദ്യുതി ഓഫിസുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വനിത വികസന വകുപ്പ് ബാലുശ്ശേരി പ്രോജക്ട് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മിനി സിവിൽ സ്റ്റേഷന്റെ വരവോടെ സാധ്യമാകും.
പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചർ വിഭാഗവും ഡിസൈൻ വിഭാഗവും സംയുക്തമായി രൂപകൽപന ചെയ്ത കെട്ടിടം രണ്ട് ബേസ്മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ ആറുനിലകളിൽ പ്രത്യേകം സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.