കുന്ദമംഗലം: കുന്ദമംഗലം-അഗസ്ത്യൻമൂഴി സംസ്ഥാന പാതയിൽ എൻ.ഐ.ടി സ്ഥാപിച്ച ബോർഡ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ എടുത്തുമാറ്റി. ചൊവ്വാഴ്ച രാത്രി 9.30ഓടുകൂടിയാണ് ബോർഡ് എടുത്തുമാറ്റിയത്.
പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ റീന, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീജയൻ, സമര സമിതി കൺവീനറും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റുമായ ഓളിക്കൽ ഗഫൂർ, ചെയർമാൻ പി.കെ. ഹഖീം, വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ബോർഡ് എടുത്തുമാറ്റിയത്.
ബോർഡ് എടുത്തുമാറ്റാൻ എൻ.ഐ.ടി അധികൃതർക്ക് പി.ഡബ്ല്യൂ.ഡി അധികൃതർ നിർദേശം നൽകിയിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പാത 83ൽ എൻ.ഐ.ടിയുടെ സമീപത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡ് കത്ത് ലഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ എടുത്തു മാറ്റണമെന്നും അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് എടുത്തുമാറ്റുമെന്നും ചെലവ് എൻ.ഐ.ടി അധികൃതർ വഹിക്കണമെന്നും കത്തിലുണ്ടായിരുന്നു.