കുന്ദമംഗലം: ചെത്തുകടവിൽ യുവാവിന് വെട്ടേറ്റു. കുറുങ്ങോട്ട് ജിതേഷിനാണ് (45) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി 10.30ഓടെ ജിതേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സംഘംചേർന്നുള്ള ഗുണ്ട ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സമാനരീതിയിലുള്ള ഏറ്റുമുട്ടൽ മുമ്പും ഉണ്ടായിട്ടുണ്ട്. വെട്ടേറ്റ ജിതേഷിന്റെ പേരിൽ കേസുകളുമുണ്ട്.
വീടിന് 100 മീറ്റർ അകലെയാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ജിതേഷ് ബൈക്കിൽനിന്ന് വീണ് ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. തലക്കും കൈക്കും മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരിസരത്തുനിന്ന് ഇരുമ്പുദണ്ഡ് കണ്ടെത്തി.
എസ്.എച്ച്.ഒ യൂസഫ് നടുതറമ്മലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലം ഡി.സി.പി ഡോ. എ. ശ്രീനിവാസ്, അസി. കമീഷണർ കെ. സുദർശൻ എന്നിവർ സന്ദർശിച്ചു. ഫോറൻസിക് സംഘം, ഡോഗ് സ്ക്വാഡ്, സ്പെഷൽ ക്രൈം സ്ക്വാഡ് അടക്കമെത്തി പരിശോധന നടത്തി.