മുക്കം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടം സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു നൽകാൻ നടപടിയില്ലാതായതോടെ മലയോര മേഖലയിൽ ഉൾപ്പെടെ ജില്ലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി.
കാട്ടുപന്നികൾ വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം സംഭവിക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. മനുഷ്യജീവന് തന്നെ ഭീഷണിയാവുന്ന തരത്തിലാണ് പന്നിശല്യം രൂക്ഷമായത്. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡ് കണ്ണോത്ത് കിഴക്കേടത്ത് ബിനോയിക്ക് കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ബൈക്കിൽ ഇളയ മകനൊപ്പം യാത്ര ചെയ്യുമ്പോൾ പുതുശേരിപ്പടി- കാളറാവ് റോഡിൽ വെച്ച് കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും താഴെ വീണ ബിനോയിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ വാരിയെല്ലിനും തോളെല്ലിനുമായി മൂന്ന് പൊട്ടലുകളുണ്ട്. ഇളയ മകൻ ഓടിമാറിയതിനാൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
ലൈസൻസുള്ള എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് പ്രത്യേക അധികാരമുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ ഇത്തരത്തിൽ വേട്ട നടത്തിയാണ് ഇവയെ നിയന്ത്രിച്ചിരുന്നത്.
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പേരിൽ സറണ്ടർ ചെയ്തിരിക്കുന്ന തോക്കുകൾ തിരിച്ചു ലഭിക്കാത്തതിനാൽ എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് ഇവയെ വെടിവെച്ചു കൊല്ലാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറയുന്നു.
മലയോര മേഖലയിൽ നിരന്തരമായി കാട്ടുപന്നി ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും ലൈസൻസുള്ള തോക്കുകൾ ഷൂട്ടർമാർക്ക് തിരികെ നൽകുവാൻ ആവശ്യമായ നടപടികൾ ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് പ്രതിസന്ധി രൂക്ഷമാവാൻ കാരണം.
ഇത് സംബന്ധിച്ച് നിരവധിതവണ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. വന്യജീവികളുടെ ആക്രമണം മൂലം മലയോര മേഖലയിലെ നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്. ഇതിൽ കാട്ടുപന്നി ആക്രമണമാണ് ഏറ്റവും രൂക്ഷമായത്.
കൃഷിഭൂമിയിൽ ഒന്നും തന്നെ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. രാത്രികാലങ്ങളിൽ മലയോര മേഖലയിലൂടെ സഞ്ചരിക്കുവാൻ ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. കാട്ടുപന്നി അക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി വനം വകുപ്പ് ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.