കൊയിലാണ്ടി: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി പൂനത്ത് എളേങ്ങൽ വീട്ടിൽ മുഹമ്മദിനെയാണ് (49) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എം. സുഹൈബ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടിൽ ടി.വി കണ്ടിരിക്കേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവം നടന്ന ഉടനെ കുട്ടി അച്ഛമ്മയോട് കാര്യം പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.