ബാലുശ്ശേരി: വിനോദസഞ്ചാരികൾ അതിക്രമിച്ചുകടക്കുന്നത് തടയാൻ കമ്പിവേലിയില്ല, പകരം വെറും ബോർഡ് മാത്രം. നിരവധി സഞ്ചാരികൾ വന്നുപോകുന്ന കരിയാത്തുംപാറ റിസർവോയർ തീരത്തേക്ക് വിനോദസഞ്ചാരികൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാനായി റോഡരികത്ത് കമ്പിവേലി സ്ഥാപിച്ചെങ്കിലും അത് ഭാഗികമായി മാത്രമായതിനാൽ മറ്റുപല ഭാഗങ്ങളിലൂടെയും സഞ്ചാരികൾക്ക് റിസർവോയർ തീരത്തേക്ക് പ്രവേശിക്കാൻ കഴിയും. റിസർവോയറിൽ കുളിക്കാനിറങ്ങുന്ന വിനോദസഞ്ചാരികൾ വെള്ളത്തിൽ മുങ്ങിമരിക്കുന്നത് വർധിച്ചതോടെയായിരുന്നു റോഡോരത്തായി ഇറിഗേഷൻ വകുപ്പ് കമ്പിവേലി സ്ഥാപിച്ച് രണ്ടു ഗെയിറ്റുകൾ സ്ഥാപിച്ചത്. റിസർവോയർ തീരത്തേക്ക് പ്രവേശിക്കാനായി സഞ്ചാരികളിൽനിന്നും 30 രൂപ ഫീസായും വാങ്ങുന്നുണ്ട്. കമ്പിവേലി മുഴുവനായും സ്ഥാപിക്കാത്തതിനാൽ ടിക്കറ്റെടുക്കാതെ അനധികൃതമായും റിസർവോയർ തീരത്തേക്ക് നിരവധി പേർ പ്രവേശിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ കുറവാണ്. വിനോദസഞ്ചാരികൾക്കായി ടോയ്ലറ്റ് സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി തോണിക്കടവ്-കരിയാത്തുംപാറ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട വികസന പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.