തിരുവമ്പാടി: ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച മലയോര മേഖലയിലെ പ്രധാന റോഡുകൾ തകർന്നുതന്നെ. പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് റോഡുകൾ ഉൾപ്പെടെയാണ് തകർന്നുകിടക്കുന്നത്.
നവീകരണ പ്രവൃത്തി പൂർത്തിയാകവെ പൊളിച്ച റോഡുകളാണ് അഗസ്ത്യൻമുഴി-കൈതപ്പൊയിൽ പാതയും മലയോര ഹൈവേയുടെ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഭാഗങ്ങളും. പൂർണമായി പ്രവൃത്തി പൂർത്തിയായ ശേഷമാണ് തിരുവമ്പാടി-പുന്നക്കൽ റോഡ് ജൽ ജീവൻ പദ്ധതിക്കായി പൊളിച്ചത്. പത്തു മാസം മുമ്പ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടാൻ കുഴിച്ച റോഡുകളിൽ ടാറിങ് പ്രവൃത്തി ഇതുവരെ നടത്തിയിട്ടില്ല. അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ തിരുവമ്പാടി ടൗൺ റോഡിൽ പൈപ്പിടൽ പൂർത്തിയായിട്ടില്ല. തിരക്കേറിയ ടൗണിലെ റോഡ് കുഴിച്ച് ആഴമേറിയ ചാലുണ്ടാക്കി ആഴ്ചകളോളം മണ്ണിട്ടുമൂടാതിരിക്കുന്നത് വ്യാപാരികൾക്കും കാൽനടക്കാർക്കും ദുരിതമായി.
2018 സെപ്റ്റംബറിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമാണ പ്രവൃത്തിയുടെ ആദ്യ എസ്റ്റിമേറ്റിൽ കേബ്ൾ ചാൽ സംവിധാനമുണ്ടായിരുന്നു. 13 കോടി രൂപ കേബ്ൾ ചാൽ പ്രവൃത്തിക്കായി വകയിരുത്തിയിരുന്നു. കുടിവെള്ള പൈപ്പുകൾ, ടെലിഫോൺ കേബ്ൾ ഉൾപ്പെടെയുള്ളവ റോഡ് പൊളിക്കാതെ കേബ്ൾ ചാൽ വഴി കൊണ്ടുപോകാമായിരുന്നു. എന്നാൽ, കേബ്ൾ ചാൽ സംവിധാനം ഒഴിവാക്കിയാണ് റോഡ് പ്രവൃത്തി നടത്തിയത്.
കേബ്ൾ ചാൽ ഒഴിവാക്കിയതിന്റെ പേരിൽ മുൻ എം.എൽ.എ ജോർജ് എം. തോമസ് അഴിമതി ആരോപണം നേരിട്ടിരുന്നു. ജൽ ജീവൻ മിഷനുവേണ്ടി പൊളിച്ച റോഡുകൾ കാലവർഷത്തിന് മുമ്പ് ടാറിങ് നടത്താത്തപക്ഷം അപകടക്കെണിയായി മാറും. ജൽ ജീവൻ മിഷൻ പദ്ധതി പുരോഗതി വിലയിരുത്താൻ അവലോകന യോഗം നടന്നിട്ട് ഏറെ നാളുകളായെന്ന് ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും റോഡ് പ്രവൃത്തികൾ മന്ദഗതിയിലാക്കിയിട്ടുണ്ട്.