വടകര: മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ് ഹാരിഫിനെയാണ് (19) അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റൂറൽ ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ ഫോട്ടോ ഗൂഗിളിൽനിന്ന് ഡൗൺലോഡ് ചെയ്ത് വ്യാജ പ്രഫൈൽ നിർമിച്ച് ഇൻസ്പെക്ടറാണെന്ന വ്യാജേന ഭീഷണിപ്പെടുത്തി 45,000 രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ 16കാരനായ വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു. സഹപാഠികളായ വിദ്യാർഥിനികളുടെ വോയിസ് മെസേജും ഗൂഗിൾ ക്രോമിൽനിന്ന് അശ്ലീല വിഡിയോസും ഉപയോഗിച്ചാണ് ഇരയെ വലയിലാക്കിയത്.
തുടർന്ന് ഇൻസ്പെക്ടറുടെ വ്യാജ പ്രഫൈൽ ഉപയോഗിച്ച് കേസ് ഒതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് 45,000 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ഗിർജിത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഗിൾ ഐ.ഡിയും മൊബൈൽ നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
സൈബർ പൊലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ, എസ്.ഐ. വിനോദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. രൂപേഷ്, കെ.എം. വിജു, സിവിൽ പൊലീസ് ഓഫിസർമാരായ ആർ. ഷിബിൻ, ശരത് ചന്ദ്രൻ, എം. ശ്രീനേഷ്, അനൂപ് വാഴയിൽ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.