കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റി ബോര്‍ഡിന്റെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 29ന് രാവിലെ ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ നാലിന് വലിയ വിളക്കും അഞ്ചിന് കാളിയാട്ടവുമാണ്.
കൊടിയേറ്റം മുതല്‍ വലിയ വിളക്കു വരെ രാവിലെയും വൈകീട്ടും രാത്രിയും കാഴ്ച ശീവേലിയുണ്ടാകും. കൂടാതെ ക്ഷേത്ര കലകളായ ചാക്യാര്‍കൂത്ത്, സോപാന സംഗീതം, തായമ്പക, കേളികൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പാഠകം പറയല്‍ എന്നിവയും നടക്കും. ഉത്സവനാളിൽ ദിവസവും 2500 പേര്‍ക്ക് അന്നദാനം നല്‍കും. പുതുതായി നിർമിച്ച അന്നദാന മണ്ഡപത്തിലായിരിക്കും ഇത്തവണ ഭക്ഷണം നല്‍കുക. ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സന്നാഹങ്ങളും പൊലീസ് ആസൂത്രണം ചെയ്തു കഴിഞ്ഞു. പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഇളയിടത്ത് വേണുഗോപാല്‍ പറഞ്ഞു.
29ന് രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടന്നതിനുശേഷമാണ് കൊടിയേറ്റം. കൊടിയേറ്റത്തിനുശേഷം കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തില്‍ നിന്നുള്ള ആദ്യ അവകാശ വരവ് പിഷാരികാവില്‍ പ്രവേശിക്കും.തുടര്‍ന്ന് കുന്ന്യോറമല, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും എത്തും.
വൈകീട്ട് സോപാന സംഗീതം, രാത്രി 7.15ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മിഴാവ് തായമ്പക, നൃത്ത പരിപാടി. 30ന് രാവിലെ ഓട്ടന്തുള്ളല്,വളയനാട് ഭജന സമിതി ദേവി മാഹാത്മ്യ പാരായണം,രാത്രി എട്ടിന് ചെര്‍പ്പുളശ്ശേരി രാജേഷിന്റെ തായമ്പക,മെഗാ മ്യൂസിക് നൈറ്റ്. 31ന് രാവിലെ ഓട്ടന്തുള്ളല്,രാത്രി ഏഴിന് കലാമണ്ഡലം രതീഷിന്റെ തായമ്പക,തിരുവനന്തപുരം ബ്രഹ്മപുത്ര അവതരിപ്പിക്കുന്ന നാടകം ഓംകാര നാഥന്. ഏപ്രില്‍ ഒന്നിന് രാത്രി എട്ടു മണിക്ക് ആലങ്കോട്ട് മണികണ്ഠന്റെ തായമ്പക,ഊത്താല നാടന്‍ കലാപഠന കേന്ദ്രം കടത്തനാട് അവതരിപ്പിക്കുന്ന പരിപാടി. രണ്ടിന് രാത്രി ഏഴിന് ആറങ്ങോട്ടുകര ശിവന്റെ തായമ്പക,ചൂരക്കാട്ടുകര ശ്രീദുർഗ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന സിനി വിഷ്വല്‍ ഡ്രാമ ഹിരണ്യന്. മൂന്നിന് ചെറിയ വിളക്ക് രാവിലെ വണ്ണാന്റെ അവകാശ വരവ്,കോമത്ത് പോക്ക് ചടങ്ങ്,വൈകീട്ട് നാലിന് പാണ്ടിമേള സമേതമുള്ള കാഴ്ച ശീവേലി.ശുകപുരം രഞ്ജിത്ത്,ശുകപുരം രജോഷ് എന്നിവരുടെ ഇരട്ടത്തായമ്പക,ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള.
നാലിന് വലിയ വിളക്ക്. രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുല വരവ്,വസൂരി മാല വരവ്,വൈകീട്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍,തണ്ടാന്റെ അരങ്ങോല വരവ്,കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്,കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും. രാത്രി 11 മണിക്ക് ശേഷം പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നള്ളിക്കും.
അഞ്ചിന് കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്.കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തില്‍ മേളം.ഭഗവതിയുടെ ഊരുചുറ്റലിനുശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തി രാത്രി 11.30നുശേഷം വാളകം കൂടുന്നതോടെ ഉത്സവം സമാപിക്കും.
വാർത്തസമ്മേളനത്തില്‍ ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ ബാലന് പുതിയോട്ടില്‍,മുണ്ടക്കല്‍ ഉണ്ണികൃഷ്ണന് നായര്‍,എരോത്ത് ഇ.അപ്പുക്കുട്ടി നായര്‍,എം.ബാലകൃഷ്ണന്,ശ്രീപുത്രന്‍,പി.പി.രാധാകൃഷ്ണന്,എക്സിക്യൂട്ടിവ് ഓഫിസര്‍ ടി.ടി.വിനോദന്‍,ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇ.എസ്.രാജന്,വി.വി.സുധാകരന്,ഉണ്ണികൃഷ്ണന് മരളൂര്‍ എന്നിവരും പങ്കെടുത്തു.