കൊയിലാണ്ടി: പൊലീസിനെയും എക്സൈസിനെയും വെല്ലുവിളിച്ച് കൊയിലാണ്ടിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. നഗര മധ്യത്തിലെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ലഹരി വിൽപനക്കാർ യഥേഷ്ടം വിഹരിക്കുന്നതായി പരാതിയുണ്ട്. സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവാളമായിട്ട് വർഷങ്ങളായി. പൊലീസും എക്സൈസും പരിശോധന നടത്താറുണ്ടെങ്കിലും ലഹരി സംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്റ്റേഡിയത്തിനു മുൻവശത്തെ ഗേറ്റ് അടച്ചാലും പിറകിലൂടെ അകത്തേക്ക് എളുപ്പം കടക്കാൻ കഴിയും.
ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്ന് പലപ്പോഴും സ്റ്റേഡിയത്തിൽ വെച്ചാണ് വിതരണം ചെയ്യുന്നതെന്നാണ് വിവരം. കൂടുതലും വിദ്യാർഥികളാണ് വിതരണക്കാരുടെ ഇരകൾ. ഉപയോഗിച്ച സിറിഞ്ചുകൾ സ്റ്റേഡിയം പരിസരത്ത് നിറഞ്ഞിരിക്കുകയാണ്. ബുധനാഴ്ച അതിരാവിലെ സ്റ്റേഡിയത്തിന് കിഴക്ക് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അമൽ സൂര്യന്റെ മൃതദേഹത്തിനുസമീപം സിറിഞ്ചുകൾ കണ്ടെത്തിയത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. മരണപ്പെട്ട യുവാവിനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായും ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്റ്റേഡിയത്തിന്റെ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ആവശ്യമായ നടപടി എടുക്കാറില്ലെന്ന് ആരോപണമുണ്ട്. സ്റ്റേഡിയത്തിലെ വെള്ളം ഒഴുകുന്ന ചാലിലൂടെയും പിറകിലെ തകർന്ന ഗേറ്റിലൂടെയും സ്റ്റേഡിയത്തിലേക്ക് സാമൂഹിക വിരുദ്ധർക്ക് എളുപ്പം കയറാം. പൊലീസും എക്സൈസും വിവിധ സംഭവങ്ങളിലായി മയക്കുമരുന്ന് സംഘങ്ങളെയും ലഹരി വിൽപനക്കാരെയും പിടികൂടിയിരുന്നെങ്കിലും യുവാക്കൾക്കും വിദ്യാർഥികൾക്കും വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെത്തിച്ചു കൊടുക്കുന്നവരും ഇടനിലക്കാരും ഇപ്പോഴും നഗരത്തിൽ സജീവമാണ്.