കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ കേസുകളുമായി ബന്ധപ്പെട്ട, നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയും ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന സീരിയലും സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് റോയി തോമസ് വധക്കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു എന്ന ഷാജി ബോധിപ്പിച്ച ഹരജി മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ ചൊവ്വാഴ്ച പരിഗണിച്ചു.
കോടതിയിൽ ഹാജരാവാൻ നെറ്റ്ഫ്ലിക്സ് സി.ഇ.ഒയോടും ഫ്ലവേഴ്സ് ചാനൽ എം.ഡി ശ്രീകണ്ഠൻ നായരോടും കഴിഞ്ഞ തവണ കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ശ്രീകണ്ഠൻ നായർക്കുവേണ്ടി അഡ്വ. ശ്രീനാഥ് ഗിരീഷ് ഹാജരായി എതിർ ഹരജിക്ക് സമയം ചോദിച്ചു. ൃചൊവ്വാഴ്ച ഹാജരാവാതിരുന്ന നെറ്റ്ഫ്ലിക്സ് സി.ഇ.ഒക്ക് വീണ്ടും നോട്ടീസ് നൽകാനും ഉത്തരവായി. 19ന് ഹരജി വീണ്ടും പരിഗണിക്കും.
എം.എസ്. മാത്യു ഫയൽ ചെയ്ത ജാമ്യഹരജികൾ വിധിപറയാൻ ഫെബ്രുവരി 16ലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. മാത്യു ബോധിപ്പിച്ച വിടുതൽ ഹരജികൾ മാർച്ച് രണ്ടിന് കോടതി പരിഗണിക്കുന്നുണ്ട്.