കോഴിക്കോട്: വിൽപനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കണ്ണൂർ റോഡിൽ നടക്കാവ് ഭാഗത്തുനിന്ന് പറമ്പിൽ സ്വദേശി സുഹൈബാണ് (24) അറസ്റ്റിലായത്. ഇയാളിൽനിന്ന് 4.410 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ചേവായൂർ പൊലീസും ആൻറി നാർകോട്ടിക് അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള നാർകോട്ടിക് സെൽ ഷാഡോ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എം.ഡി.എം.എ വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഗ്രാം എം.ഡി.എം.എ സഹിതം നേരത്തേ ടൗൺ പൊലീസിന്റെ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും ഈ രീതി തുടർന്നുവരുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പലതവണ പൊലീസിനെ വെട്ടിച്ചുകടന്ന പ്രതി നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്.
സ്കൂൾ, കോളജ് വിദ്യാർഥികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ചേവായൂർ എസ്.ഐ നിമിൻ കെ. ദിവാകരൻ, എസ്.സി.പി ശ്രീരാഗ്, ഡ്രൈവർ സിൻജിത് എന്നിവരും ആൻറി നാർകോട്ടിക് ഷാഡോ എസ്.ഐ മനോജ് എടയേടത്ത്, നാർകോട്ടിക് ഷാഡോ ടീം അംഗങ്ങളായ ദിനീഷ്, മഷ്ഹൂർ, പി. അതുൽ, ശ്യാംജിത്ത്, ഇ.വി. അതുൽ, അജിത്, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.