കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം നൂറോളം പേരിൽനിന്ന് മൊഴിയെടുത്തു. ദൃശ്യങ്ങളിൽ മുഖം വ്യക്തമായ ആറു പേരെ ശനിയാഴ്ച പൊലീസ് ചോദ്യം ചെയ്തു. കേസിൽ പ്രതിയെന്നു കരുതുന്ന യുവാവിനെ തേടിപ്പിടിച്ച് സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴിയെടുത്തെങ്കിലും വിശ്വനാഥനെ ആശ്വസിപ്പിച്ചയാളാണെന്ന് വ്യക്തമായി. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട പച്ച ബനിയനിട്ട യുവാവിനെ തേടിയായിരുന്നു പൊലീസിന്റെ അന്വേഷണം.
വിശ്വനാഥന്റെ തോളിൽ തട്ടി സംസാരിക്കുന്നത് പച്ച ബനിയനിട്ടയാളായിരുന്നു. രണ്ടു തവണ ഇയാൾ വിശ്വനാഥനുമായി സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. കൈയിലുള്ള ബാഗ് പരിശോധിക്കുന്നതും ഇയാളാണ്. ഇതുകൊണ്ടാണ് ഇയാൾ പ്രതിയാണെന്ന് പൊലീസ് ഉറപ്പിച്ചത്. അതേസമയം, പച്ച ബനിയനിട്ടയാളെ ചോദ്യം ചെയ്തതിൽ ഇയാൾ വിശ്വനാഥനെ ആശ്വസിപ്പിക്കുകയാണെന്ന് ബോധ്യമായി. ആളുകൂടിയതിന്റെയും വിശ്വനാഥനുമായി സംസാരിച്ചതിന്റെയും കാര്യങ്ങൾ ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
വിശ്വനാഥൻ അസ്വസ്ഥനായി നടക്കുമ്പോൾ എന്താണ് കാര്യമെന്ന് തിരക്കുന്നതിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ ഉള്ളതെന്ന് പൊലീസ് പറയുന്നു. അതിനു മുമ്പ് ആരോ കുറ്റപ്പെടുത്തിയതിന്റെ അസ്വസ്ഥതയിൽ നടക്കുന്ന വിശ്വനാഥനോട് പച്ച ബനിയനിട്ടയാൾ കാര്യം തിരക്കുന്നുണ്ട്. ഇത് കണ്ടു പരിസരത്തുള്ളവർ ചുറ്റും കൂടുന്നതാണ് ദൃശ്യത്തിലുള്ളത്. ‘അയാൾ’ എന്നെ മോഷ്ടാവെന്ന് വിളിച്ചുവെന്നു പറഞ്ഞാണ് വിശ്വനാഥൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
ബാഗ് തുറന്ന് കാട്ടിയത്, ഭക്ഷണം കഴിച്ചോ എന്ന ചോദ്യത്തിനു മറുപടിയായി ചോറ്റുപാത്രം കാണിച്ചതാണെന്നാണ് സാക്ഷിമൊഴി. സി.സി.ടി.വി ദൃശ്യങ്ങളും പച്ച ബനിയനിട്ടയാളുടെ മൊഴിയും ഒത്തുനോക്കിയ പൊലീസിന് സാക്ഷിമൊഴി ശരിയാണെന്ന് ബോധ്യമായി. വിശ്വനാഥൻ ഇരുന്ന ഭാഗത്ത് സി.സി.ടി.വി കാമറയില്ലായിരുന്നു. അതുകൊണ്ട് ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്.