കോഴിക്കോട്: പത്തു വയസ്സുകാരിയെ വിവിധ സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 70കാരന് 20 കൊല്ലം കഠിനതടവും 3,50,000 രൂപ പിഴയും. മണാശ്ശേരി ചലിയാത്ത് ചേന്നനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 67 വർഷം കഠിനതടവ് വിധിച്ചെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമനുഭവിച്ചാൽ മതി. പിഴയടച്ചാൽ അതിൽ മൂന്ന് ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.
2016 മുതൽ 2018 വരെ പല ദിവസങ്ങളിലായി വീടിനകത്തും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലും പീഡിപ്പിച്ചെന്നാണ് മുക്കം പൊലീസ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി.
എസ്.ഐ ഇ. ഹമീദ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ കെ.പി. അഭിലാഷ് അന്വേഷണം നടത്തി ഇൻസ്പെക്ടർ എൻ.സി. സന്തോഷ് കുറ്റപത്രം സമർപ്പിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ വി.സി. സിന്ധു, ബിജു എം.സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.