നന്മണ്ട: വേലായുധൻ നായർ സ്മാരക-മരക്കാട്ട് റോഡ് തകർന്നതോടെ യാത്ര ദുരിതമായി. ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. വാട്ടർ അതോറിറ്റി മാസങ്ങൾക്കുമുമ്പ് കുടിവെള്ള പൈപ്പിടാനായാണ് റോഡ് വെട്ടിപ്പൊളിച്ചത്. എന്നാൽ, കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ട് നികത്തുകമാത്രമാണ് ചെയ്തത്.
മഴയിൽ ഇത് ഒലിച്ചുപോയതോടെ യാത്രാ ക്ലേശം ഇരട്ടിയായി. വർഷങ്ങൾക്കുമുമ്പ് ടാറിങ് നടത്തിയ ഈ റോഡിൽ പിന്നീട് ഒരു നവീകരണവും നടത്തിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിന്റെ ഭൂരിഭാഗവും തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ട സ്ഥിതിയാണ്. വലിയ അപകടങ്ങളിൽനിന്ന് ഇരുചക്ര വാഹനക്കാർ പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. മഴയിൽ തകർന്ന റോഡിന്റെ 150 മീറ്റർ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തി നടത്തിയിരുന്നു. എന്നാൽ, മറ്റ് പ്രവൃത്തികളൊന്നും നടന്നിട്ടില്ല. കുട്ടമ്പൂർ ഭാഗത്തുള്ളവർക്ക് നന്മണ്ട അങ്ങാടിയിലേക്ക് വളരെ എളുപ്പത്തിലെത്താൻ കഴിയുന്ന പാത കൂടിയാണിത്. റോഡ് നവീകരണത്തിന് വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.