കോഴിക്കോട്: കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം ഡിസംബർ 15 മുതല്‍ 18 വരെ കോഴിക്കോട്ട് നടക്കും. ദക്ഷിണേഷ്യയിലെ കര്‍ഷക-തൊഴിലാളി സംഘടനകള്‍, പരിസ്ഥിതി-ജനകീയ പ്രസ്ഥാനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവ ഉൾപ്പെടുന്ന സൗത്ത് ഏഷ്യന്‍ പീപ്ൾസ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് എന്ന സഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും 300ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഡിസംബർ 15ന് രാജ്യത്തെ പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍, നിയമ വിദഗ്ധര്‍, പരിസ്ഥിതി-സാമൂഹിക ശാസ്ത്രജ്ഞര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ദുരന്തനിവാരണ വിദഗ്ധര്‍ തുടങ്ങിയവർ പങ്കെടുക്കുന്ന ‘നയരൂപവത്കരണ സംഗമ’വും നടക്കും.
ഡിസംബർ 18ന് വിവിധ സർവകലാശാലകൾ, കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള 300ഓളം വിദ്യാർഥികള്‍ പങ്കെടുക്കുന്ന ക്ലൈമറ്റ് സ്കൂള്‍, കേരളവുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ച് പാരലല്‍ സെഷനുകള്‍, പൊതുയോഗം, റാലി എന്നിവയുമുണ്ടാകും.
കാലാവസ്ഥ പ്രതിസന്ധി കേരളത്തിലുണ്ടാക്കുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ച പ്രദർശനങ്ങൾ, ക്ലൈമറ്റ് കഫേ, കോളജ്- യൂനിവേഴ്സിറ്റി തലങ്ങളിൽ സെമിനാറുകൾ, ചെറു വിഡിയോ നിർമാണ മത്സരം, ചിത്രപ്രദർശനം എന്നിവയുണ്ടാകും.
സമ്മേളന നടത്തിപ്പിന് ഡോ. കെ.ജി. താര, സി.ആര്. നീലകണ്ഠന്, കൽപറ്റ നാരായണന് എന്നിവര്‍ അധ്യക്ഷരും ഡോ. ആസാദ് ഉപാധ്യക്ഷനും പ്രഫ. കുസുമം ജോസഫ്, എന്‍. സുബ്രഹ്മണ്യന് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായ സംഘാടക-സ്വാഗതസംഘം രൂപവത്കരിച്ചു.
കൺവീനർമാർ: ടി.വി. രാജന്, ടി.കെ. വാസു (സാമ്പത്തികം) അംബിക, ശരത് ചേലൂര്‍ (പ്രചാരണം), വിജയരാഘവന് ചേലിയ, സ്മിത പി. കുമാര്‍ (പ്രോഗ്രാം), തല്‍ഹത്ത്, ഡോ. പി.ജി. ഹരി (ഭക്ഷണം, താമസം).
സംഘാടക സമിതി യോഗത്തില്‍ എന്‍.പി. ചേക്കുട്ടി, പി.ടി. ജോണ്‍, ഐശ്യര്യ റാംജി, കെ.എസ്. ഹരിഹരന്, ഡോ. കെ.ആർ. അജിതന്, കെ.പി. പ്രകാശന്, ജോണ്‍ പെരുവന്താനം, ജിശേഷ് കുമാര്‍, റിയാസ്, റഫീഖ് ബാബു, ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.
climate-crisis-south-asian-conference-at-kozhikode