തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ആരോപണമുയർന്ന ഭാരത് പാചകവാതക ഗോഡൗണിനെ കുറിച്ച പരാതിയിൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷൻ.
തിരുവമ്പാടി ടൗണിൽ പ്രവർത്തിക്കുന്ന പാചകവാതക ഗോഡൗൺ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്. ജില്ല കലക്ടർ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.
സ്കൂളുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും മധ്യത്തിലാണ് ഗോഡൗൺ സ്ഥിതിചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഗോഡൗൺ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടും സ്ഥാപനം പ്രവർത്തിക്കുകയാണെ നുഷ്യാവകാശ കമീഷന് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അധികൃതർ നിയമവിരുദ്ധമായ പാചകവാതക ഗോഡൗൺ ഉടമക്ക് ഒത്താശചെയ്തതായും ആരോപണമുണ്ട്. തിരുവമ്പാടി വില്ലേജിലെ റീസർവേ 78ൽ വയൽ മണ്ണിട്ട് നികത്തി നിർമിച്ച അനധികൃത കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നതെന്ന് മൂന്ന് വർഷം മുമ്പ് പരാതിയുയർന്നിരുന്നു.
ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് വിജിലൻസ് സംഘം ഗ്രാമപഞ്ചായത്ത് ഓഫിസിലും പാചകവാതക ഗോഡൗണിലും പരിശോധന നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി വർക് ഷോപ്, ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പാചകവാതക ഗോഡൗണിന് സമീപം പ്രവർത്തിക്കുന്നുണ്ട്.