വെള്ളമുണ്ട: തൊണ്ടർനാട് പൊലീസ് പരിധിയിൽ ഒക്ടോബർ 29ന് നടന്ന കുരുമുളക് മോഷണ കേസിലെ പ്രതികൾ പിടിയിൽ. നാദാപുരം കൊടിയൂറ സ്വദേശികളായ കൊയിലോത്തും കര വീട്ടിൽ ഇസ്മയിൽ (38), ഉടുക്കോന്റവിട വീട്ടിൽ മുഹമ്മദ് സുഹൈൽ (24), കായക്കൊടി സ്വദേശി പാറേമ്മൽ വീട്ടിൽ അജ്മൽ (28) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞിരങ്ങാട്ടുള്ള ബിനുവിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കട കുത്തിത്തുറന്ന് ഒമ്പത് ചാക്ക് കുരുമുളകും കുരിശുപള്ളിയുടെ ഭണ്ഡാരം പൊളിച്ച് പണവും തേറ്റമലയിലെ അനാദിക്കട കുത്തിത്തുറന്ന് പണവും സിഗരറ്റും സി.സി.ടി.വി, ഡി.വി.ആർഉം തോണിച്ചാലുള്ള മലഞ്ചരക്ക് കട കുത്തിത്തുറന്ന് നാല് ചാക്ക് കുരുമുളകും മോഷണം നടത്തിയ പ്രതികളെയാണ് തൊണ്ടർനാട് പൊലീസ് വലയിലാക്കിയത്. കഞ്ഞിരങ്ങാട്, തേറ്റമല എന്നിവിടങ്ങളിലെ കടയുടെ പൂട്ട് പൊളിച്ച രീതി സമാനസ്വഭാവത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം ചുരത്തിന് താഴേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ചതിൽ ബൈക്കിൽ വന്ന രണ്ടു പേർ കട കുത്തിത്തുറന്ന് ഒമ്പതു ചാക്കുകൾ ഓരോന്നായി മക്കിയാട് ഭാഗത്തേക്ക് കൊണ്ടു പോയതായി കണ്ടെത്തി.
തുടർന്ന് അന്വേഷണ സംഘം സമാന രീതിയിലുള്ള കുറ്റകൃത്യത്തെ പറ്റി അന്വേഷിച്ചതിൽ ഒക്ടോബർ നാലിന് തോണിച്ചാലിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് നാല് ചാക്ക് കുരുമുളകും തൊട്ടിൽപ്പാലം, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കട കുത്തിത്തുറന്ന് അടക്ക മോഷണം നടത്തുകയും മേപ്പയ്യൂർ സ്റ്റേഷൻ പരിധിയിൽ കുരുമുളക് മോഷണം നടത്തിയതായും കണ്ടെത്തി.
പ്രതികൾ ചുരത്തിന് താഴെയുള്ള ആളാവാമെന്ന നിഗമനത്തിൽ പക്രന്തളം മുതൽ അഞ്ചുകുന്ന് വരെയും കാഞ്ഞിരങ്ങാട് മുതൽ മാനന്തവാടിവരെയും 100ഓളം സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ്.മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തൊണ്ടർനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. മോഷണം നടത്തിയ കുരുമുളക് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിൽ വിൽപന നടത്തിയത് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. രണ്ടു മാസത്തോളമായി ഇരു ജില്ലകളിലും മോഷണം നടത്തിയവരാണ് പിടിയിലായത്. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈജു, സബ് ഇൻസ്പക്ടർമാരായ അജീഷ് കുമാർ, അബ്ദുൽ ഖാദർ, എ.എസ്.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.