കോഴിക്കോട് സ്വദേശിനിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയത് സ്വർണവും പണവും കവർന്ന ശേഷമെന്ന് പൊലീസ്. വെള്ളിപറമ്പ് വടക്കേരിപൊയിൽ സൈനബയുടെ (57) മൃതദേഹമാണ് തമിഴ്നാട് അതിർത്തിക്ക് സമീപം ഗണപതിക്കല്ല് മേഖലയിൽ ചുരത്തിൽ നിന്ന് 25 മീറ്റർ താഴെ വനത്തിൽ കണ്ടെത്തിയത്.
താനൂർ കുന്നുംപുറം പാലക്കൽ വീട്ടിൽ അബ്ദുൽ സമദ് (52), ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. പ്രതികൾ സൈനബയുടെ 14 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നതായും പൊലീസ് പറയുന്നു. ഏഴാം തിയതി വൈകുന്നേരം അഞ്ച് മണിയോടെ കോഴിക്കോട് -മുക്കം റോഡിൽ കാറിൽ വെച്ചാണ് കൊലപാതകം നടത്തിയത്. അന്ന് രാത്രി തന്നെ നാടുകാണിചുരത്തിൽ മൃതദേഹം തള്ളിയെന്നാണ് മൊഴി. ഇതിന് മുമ്പും സൈനബ പ്രതിക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്.
നവംബർ ഏഴിന് സൈനബയെ കാണാതായതായി ഭർത്താവ് കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകിയിരുന്നു. എട്ടാം തീയതി പൊലീസ് കേസ് എടുത്തു. സെനബയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും കോഴിക്കോട് നഗരത്തിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുമാണ് അന്വേഷണം അബ്ദുൽ സമദിലെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
കോഴിക്കോട് ടൗൺ പൊലീസ് അസി. കമീഷണർ ബിനുരാജിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പ്രതിയുമായി നാടുകാണി ചുരത്തിൽ എത്തി. മൃതദേഹം തള്ളിയ സ്ഥലം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കാണാതായ സൈനബയുടേത് തന്നെയാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം മുകളിലേക്കെത്തിക്കാൻ പൊലീസ് ഫയർഫോഴ്സിന്റെ സഹായം തേടി.