പയ്യോളി: മണിയൂരിൽ വ്യാപകമായി ചന്ദനമരം മുറിച്ച് കടത്തിയതായി കണ്ടെത്തി. തുടർച്ചയായി ചന്ദനമരം മോഷണം പോയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്തതിൽ ആക്ഷേപമുയരുന്നു.
കുന്നത്തുകര, ചെല്ലട്ടുപൊയിൽ, കുളങ്ങരച്ചാൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിൽനിന്നാണ് രാത്രി വ്യാപകമായി ചന്ദനമരങ്ങൾ മുറിച്ചുനീക്കി കടത്തിയതായി കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധി പേരുടെ വീട്ടുവളപ്പിൽനിന്നാണ് ചന്ദനമരം മുറിച്ച് കടത്തിയത്.
എണ്ണക്കണ്ടി ഷാഹുൽ, പൊട്ടൻകണ്ടി രമേശൻ, ദയരോത്ത് കണ്ടി അശോകൻ, വലിയപറമ്പത്ത് അശോകൻ, ഞേറപൊയിൽ മൂസ, അനീഷ് കുമാർ ഉല്ലാസ് നഗർ എന്നിവരുടെ വീട്ടുവളപ്പിൽനിന്നാണ് ചന്ദനമരങ്ങൾ മോഷണം പോയത്.
അർധരാത്രിയും പുലർച്ചെയുമായുള്ള സമയങ്ങളിൽ അതിവിദഗ്ദമായാണ് കൊള്ളസംഘങ്ങൾ മരങ്ങൾ മുറിച്ച് മാറ്റി വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നതായി കരുതുന്നത്.
മരത്തിന്റെ മുകൾഭാഗം വെട്ടിമാറ്റി ഉപേക്ഷിച്ച് വളരെ ആഴത്തിൽ കുഴിയെടുത്ത് അടിഭാഗമാണ് കടത്തുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും ചന്ദനമാഫിയക്കെതിരെ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്നും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.