കൊടിയത്തൂർ: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൽജീവൻ മിഷൻ പ്രവൃത്തിമൂലം പ്രയാസത്തിലായിരിക്കുകയാണ് പൊലുകുന്നത്ത് പള്ളിക്കുട്ടിയും കുടുംബവും. പദ്ധതി അശാസ്ത്രീയത മൂലം നാട്ടുകാർ പ്രയാസങ്ങൾ അനുഭവിക്കുന്നതായി പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം പന്നിക്കോട് മുള്ളൻമട റോഡരികിലെ പള്ളിക്കുട്ടിയും കുടുംബവും താമസിക്കുന്ന വീടിന്റെ സംരക്ഷണഭിത്തി ശക്തമായ മഴയിൽ ഇടിയുകയായിരുന്നു. പൈപ്പിടുന്നതിനായി സംരക്ഷണഭിത്തിയോട് ചേർന്ന് കുഴിയെടുത്തതാണ് ഭിത്തി തകരാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു. പൈപ്പിടുന്നതിനായി എടുത്ത കുഴി മാസങ്ങളായിട്ടും റീസ്റ്റോർ ചെയ്ത് പൂർവസ്ഥിതിയിലാക്കിയിരുന്നില്ല.
മതിലിടിഞ്ഞത് വീടിനും ഭീഷണിയായിരിക്കുകയാണ്. ഭിത്തിയുടെ ബാക്കിഭാഗം ഏതുനിമിഷവും തകർന്നുവീഴുന്ന അവസ്ഥയിലാണ്. റോഡിന്റെ മറുഭാഗത്ത് ആർക്കും പ്രയാസമില്ലാതെ പൈപ്പ് സ്ഥാപിക്കാമായിരുന്നിട്ടും അതിന് തയാറായില്ലെന്നും വീട്ടുകാർ പറയുന്നു.
രണ്ടാഴ്ച മുമ്പ് ഒരു മാധ്യമപ്രവർത്തകനും കുടുംബവും സഞ്ചരിച്ച ബൈക്ക് ഇവിടെ അപകടത്തിൽപെട്ടിരുന്നു. സംരക്ഷണഭിത്തി തകർന്ന വീട് കൊടിയത്തൂർ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മറിയംകുട്ടി ഹസ്സൻ, പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ നാസർ, കോമളം തോണിച്ചാൽ എന്നിവരാണ് സന്ദർശിച്ചത്.
ജൽജീവൻ മിഷൻ അധികൃതരെ വിവരമറിയിച്ചതായും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വാർഡ് മെംബർ ബാബു പൊലുകുന്ന് എന്നിവർ അറിയിച്ചു.