പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ച് പരിക്കേൽപിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കൈയുടെ മുട്ടിന് മുകളിൽ വടികൊണ്ട് അടിച്ച നിരവധി പാടുകളുണ്ട്. വയറിന് കൈകൊണ്ട് കുത്തിയതായും പരാതിയുണ്ട്. അധ്യാപകനായ പ്രണവ് സുരേന്ദ്രനെതിരെയാണ് പരാതി.
കുട്ടി ചീത്തവാക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണത്രേ മർദിച്ചത്. മർദനമേറ്റ് 24 മണിക്കൂർ കഴിഞ്ഞിട്ടും സ്കൂൾ അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പിതാവ് ആരോപിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.
നടപടി വേണം -കെ.എസ്.യു
പേരാമ്പ്ര: പാലേരി വടക്കുമ്പാട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയെ ഡി.വൈ.എഫ്.ഐ നേതാവായ അധ്യാപകൻ ക്രൂരമായ മർദിച്ചിട്ടും അധ്യാപക രക്ഷാകർതൃ സമിതിയും സ്കൂൾ അധികൃതരും മൗനം പാലിക്കുകയാണെന്ന് കെ.എസ്.യു ആരോപിച്ചു.
ഭരണകക്ഷി നേതാവായതിന്റെ പേരിൽ അധ്യാപകനെ സംരക്ഷിക്കുന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് അപമാനകരമാണ്. ആരോപണം നേരിട്ട അധ്യാപകനെതിരെ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് കെ.എസ്.യു പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്. അഭിമന്യു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അമീൻ മേപ്പയൂർ, അമിത് മനോജ് എന്നിവർ പറഞ്ഞു.