കൊടുവള്ളി: നഗരസഭയിൽ കോൺഗ്രസിന് ലഭിച്ച സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച് തർക്കം രൂക്ഷമാകുന്നു. പാർട്ടിക്കുള്ളിലെ ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷക്കാലം കോൺഗ്രസിന് ലഭിച്ച വൈസ് ചെയർമാൻ സ്ഥാനവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും പാർട്ടിയിലെ എ, ഐ വിഭാഗങ്ങൾ പങ്കിട്ടെടുക്കുകയായിരുന്നു. രണ്ടര വർഷം പൂർത്തിയായപ്പോൾ മുന്നണിധാരണ പ്രകാരം വൈസ് ചെയർമാനായിരുന്ന (എ വിഭാഗം) കെ.എം. സുഷിനി സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ ഐ വിഭാഗത്തിന് ലഭിച്ച സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനായിരുന്ന എൻ.കെ. അനിൽകുമാർ സ്ഥാനം രാജിവെക്കാൻ തയാറാകാത്തതാണ് പുതിയ തർക്കത്തിന് കാരണം.
രണ്ടര വർഷം പൂർത്തിയാകുമ്പോൾ അനിൽകുമാർ സ്ഥാനം രാജിവെച്ച് ആ സ്ഥാനം കൗൺസിലറായ കെ. ശിവദാസന് കൈമാറുകയും പുതുതായി ലഭിക്കുന്ന വനിതാ സ്റ്റാൻഡിങ് കമ്മിറ്റി മറുവിഭാഗം ഏറ്റെടുക്കുകയും ചെയ്യുകയാണ് ധാരണ എന്നാണ് എ വിഭാഗം പറയുന്നത്. അനിൽകുമാർ ധാരണ പാലിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ വൈസ് ചെയർമാൻ സ്ഥാനം ഒഴിയുന്നതിനു പകരം ലഭിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനത്തിന് ആർക്കും അവകാശവാദം ഉന്നയിക്കാൻ കഴിയില്ല എന്നതാണ് ഇവരുടെ വാദം.
എന്നാൽ യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടര വർഷം പൂർത്തിയാക്കിയ കോൺഗ്രസ്, ലീഗ് നേതൃത്വവുമായി സംസാരിക്കുകയും വൈസ് ചെയർപേഴ്സൻ സ്ഥാനം രാജിവെക്കുകയും ചെയ്തപ്പോൾ ലീഗിന്റെ കൈവശമുള്ള സ്ഥിരംസമിതി ജൂലൈ 30നകം രാജിവെച്ച് കോൺഗ്രസിന് നൽകുമെന്നും പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അതുണ്ടായില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഐ വിഭാഗത്തിന്റെ കൈവശമുള്ള സ്ഥിരംസമിതി രാജിവെക്കുന്നത് സംബന്ധിച്ച് മറ്റു ധാരണകളില്ലെന്നാണ് ഐ വിഭാഗം പറയുന്നത്. തർക്കവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ചേർന്ന കോൺഗ്രസിന്റെ കോർ കമ്മിറ്റിയുടെ യോഗം പരസ്പരം തർക്കിച്ച് ബഹളത്തിൽ മുങ്ങി പിരിയുകയാണ് ചെയ്തത്.
അതേസമയം, മുസ്ലിംലീഗ് നേതൃത്വം വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. കോൺഗ്രസുകാർ തർക്കം അവസാനിപ്പിച്ച് ഒന്നിച്ചു നിന്നാൽ മാത്രമേ പുതിയ സ്ഥിരംസമിതി ചെയർമാൻസ്ഥാനം അവർക്ക് നൽകാൻ കഴിയൂ എന്നതാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.