ബേപ്പൂർ: സാങ്കേതിക തകരാറുമൂലം കടലിൽ നിർത്തിയ കപ്പലിൽനിന്ന് രോഗാതുരനായ ജീവനക്കാരൻ പ്രദീപ് ദാസിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. യു.എ.ഇയിലെ ഖോർഫുക്കാനിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പൽ ജൂലൈ 10ന് സാങ്കേതിക തകരാർ കാരണം കോഴിക്കോടുനിന്ന് 52 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് നങ്കൂരമിട്ട് നിർത്തിയതായിരുന്നു.
കപ്പലിലെ ജീവനക്കാരന് അസുഖം ബാധിക്കുകയും നില പെട്ടെന്ന് വഷളാവുകയുമായിരുന്നു. വിവരം മുംബൈ മാരിടൈം റെസ്ക്യൂ കോഓഡിനേഷൻ സെന്ററിന് ലഭിച്ചു. ഉടൻ നാവികനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാനുള്ള നിർദേശങ്ങൾ നൽകി. ഈ സമയം കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ‘ഐ.സി.ജി.എസ് അർൺവേഷ്’ കപ്പലിന് അടുത്തേക്ക് യാത്രതിരിച്ചു.
പ്രക്ഷുബ്ധമായ കടലും കനത്ത മഴയും അതിജീവിച്ചാണ് രോഗിയെ രക്ഷപ്പെടുത്താൻ വിദേശക്കപ്പലിനടുത്തേക്ക് ഇന്ത്യൻ തീര സംരക്ഷണ സേനയുടെ കപ്പൽ കുതിച്ചെത്തിയത്. ഉടൻ രോഗിയെ പ്രാഥമിക ചികിത്സ നടത്തി. എയർക്രാഫ്റ്റ് വഴി നെടുമ്പാശ്ശേരിയിലെത്തിച്ചു. തുടർന്ന് ഗൗതം ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിച്ച് ഒരുഭാഗം കുഴഞ്ഞ നിലയിലായിരുന്നു കപ്പലിലെ ജീവനക്കാരൻ.