മാവൂർ: രണ്ടാഴ്ചയുടെ ഇടവേളക്കുശേഷം മാവൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. ചാലിയാറും ചെറുപുഴയും ഇരുവഴിഞ്ഞിയും കരകവിഞ്ഞൊഴുകിയതോടെയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലായത്. ഞായറാഴ്ചയാണ് ജലനിരപ്പ് ഉയർന്നുതുടങ്ങിയത്. 14ാം വാർഡ് കച്ചേരിക്കുന്നിൽ വീടുകളിൽ വെള്ളം കയറി. കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, പുലിയപ്രം സത്യൻ എന്നിവരുടെ വീട്ടിലാണ് വെള്ളം കയറിയത്.
മാവൂർ പൈപ്പ് ലൈൻ റോഡിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. മാവൂർ-കോഴിക്കോട് റോഡിൽ കോളക്കോട്ട് വളവിനു സമീപം ട്രാൻസ്ഫോർമറിനു മുകളിലേക്ക് അപകടകരമായ രീതിയിൽ മരം ചരിഞ്ഞു.
വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഭീഷണി ഒഴിവാക്കി. കണ്ണിപ്പറമ്പ് ജി.എൽ.പി സ്കൂളിനടുത്ത് മരം വീണു. മാവൂർ പൈപ്പ് ലൈൻ ജങ്ഷനു സമീപം മതിലിടിഞ്ഞുവീണു. സമീപത്തെ അപ്പാർട്മെന്റിന്റെ മുറ്റത്തേക്കാണ് മതിൽ ഇടിഞ്ഞുവീണത്.