കൊയിലാണ്ടി: പ്ലസ് വൺ സീറ്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ മന്ത്രി വി. ശിവൻകുട്ടിക്കുനേരെ കരിങ്കൊടി കാട്ടി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടേകാലോടെ നഗരത്തിലാണ് സംഭവം. പൊതുപരിപാടിക്കെത്തിയതായിരുന്നു മന്ത്രി.
എം.എസ്.എഫ് ജില്ല വിങ് കൺവീനർ ടി.ടി. അഫ്രിൻ, മണ്ഡലം സെക്രട്ടറി സി. ഫസീഹ്, ശിഫാദ് ഇല്ലത്ത്, ആദിൽ കൊയിലാണ്ടി, ഷീബിൽ, സുഹൈൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇവരിൽ ടി.ടി. അഫ്രിൻ, സി. ഫസീഹ് എന്നിവരെ പൊലീസ് കൈവിലങ്ങുവെച്ച് വൈദ്യപരിശോധനക്ക് കൊണ്ടുപോയതിൽ എം.എസ്.എഫ് പ്രതിഷേധിച്ചു.
വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന അനീതികൾക്കെതിരെ പ്രതികരിച്ച വിദ്യാർഥികളെ വിലങ്ങണിയിച്ചത് പ്രതിഷേധാർഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജന. സെക്രട്ടറി സി.കെ. നജാഫ് എന്നിവർ പറഞ്ഞു. വിദ്യാർഥികളോടുള്ള അനീതി അവസാനിപ്പിക്കുംവരെ സമര രംഗത്തുണ്ടാകുമെന്ന് ഇവർ പറഞ്ഞു. കരിങ്കൊടി കാണിച്ചവരെ കസ്റ്റഡിയിലെടുക്കുമ്പോൾ ചെറിയ പിടിവലി നടന്നു.
അതിനാലാണ് വൈദ്യപരിശോധനക്കു വിധേയമാക്കേണ്ടിവന്നതെന്ന് സി.ഐ എം.വി. ബിജു പറഞ്ഞു. പുതിയ ഉത്തരവുപ്രകാരം ആശുപത്രിയിൽ പരിശോധനക്കുകൊണ്ടുപോകുമ്പോൾ വിലങ്ങുവെക്കണം. വിലങ്ങില്ലെങ്കിൽ ഡോക്ടർമാർ പരിശോധിക്കില്ലെന്നും സി. ഐ പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചവരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, യൂത്ത് ലീഗ് ജില് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോഡ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ടൗണിൽ പ്രകടനവും നടത്തി.
മന്ത്രിക്കെതിരെ എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി വീശി; കസ്റ്റഡിയിലെടുത്തവരെ കൈയാമം വെച്ചതിൽ പ്രതിഷേധം
കോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ വിദ്യാഭ്യാസമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് നേതാക്കളെ കൈവിലങ്ങണിയിച്ച് കൊടും കുറ്റവാളികളെപോലെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, ജനറല്‍ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ പറഞ്ഞു.
ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചവർക്കെതിരെ ഇത്തരത്തിൽ നടപടിയെടുത്തതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.പി.എമ്മിന്റെ ഈ രാഷ്ട്രീയ ഫാഷിസത്തെ ശക്തമായി നേരിടുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.