പേരാമ്പ്ര: പറക്കമുറ്റാത്ത രണ്ട് മക്കളെയും ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളെയും തനിച്ചാക്കി അവർക്ക് പോകാനാവില്ല. അതുകൊണ്ട് ബീനയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ നാടൊരുമിക്കുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വാല്യക്കോട് ആനംവള്ളി രാജേഷിന്റെ ഭാര്യ ബീന (32) വൃക്കരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവൃക്കകളും പ്രവർത്തനരഹിതമായതിനാൽ ആഴ്ചയിൽ മൂന്നു ദിവസവും ഡയാലിസിസ് ചെയ്യുകയാണിപ്പോൾ.
അടിയന്തരമായി വൃക്കമാറ്റിവെക്കൽ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏകമാർഗമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക ദാനം ചെയ്യാൻ സഹോദരി തയാറായിട്ടുണ്ട്. എന്നാൽ ഇതിന് ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവു വരും. കൂലിപ്പണിക്കു പോകുന്ന ഭർത്താവ് രാജേഷ്, വിദ്യാർഥികളായ രണ്ടു മക്കൾ, പ്രായമായ അമ്മ എന്നിവരടങ്ങുന്ന കുടുംബമാണ് ബീനയുടേത്.
ഇവരുടെ വീട് നിർമാണവും പാതിവഴിയിലാണ്. നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വാർഡ് മെംബർ കെ. ശ്രീധരൻ (ചെയർ), കെ.എം. മനോജ് കുമാർ (കൺ), സി. മൂസ ഹാജി (ട്രഷ) കമ്മിറ്റി സൗത്ത് ഇന്ത്യൻ ബാങ്ക് പേരാമ്പ്ര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C :0987053000003202. IFSC: SIBLOOOO987. ഫോൺ: 9946414297 (ഗൂഗ്ൾ പേ).