ബാലുശ്ശേരി : കൊളത്തൂർ കരിയാത്തൻ കോട്ടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറക്കൽ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് കഴിഞ്ഞദിവസം മരിച്ച സംഭവത്തിൽ കർമസിമിതി രൂപവത്കരിച്ചു.
ബിനീഷിന്റേത് ആൾക്കൂട്ടകൊലപാതകമാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. എം.കെ. രാഘവൻ എം.പി. ഞായറാഴ്ച ബിനീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. സംഭവത്തിൽ ദുരൂഹത നീക്കണമെന്നും കുറ്റക്കാരെ പിടികൂടി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും എം.പി. പറഞ്ഞു.
കർമസമിതി രൂപവത്കരണയോഗത്തിൽ ബാലുശ്ശേരി എരമംഗലം 14-ാംവാർഡംഗം ഉമാ മഠത്തിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം രാജീവൻ, ദിശ സംസ്ഥാന ചെയർമാൻ പി.ടി. ഹരിദാസൻ, രാജേഷ്, പി. രാജൻ, പി. രാഘവൻ, എ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അയ്യർകുഴിയിൽ ഗിരീഷ് (ചെയ.), കെ.എം. അജിത്ത് (കൺ.), ശ്രീജിത്ത് (ട്രഷ.). സംഭവസ്ഥലത്തേക്ക് പ്രതിഷേധപ്രകടനവും നടന്നു.