ഫറോക്ക്: റോഡ് പൂർവസ്ഥിതിയിലാക്കാൻ കെ.എസ്.ഇ.ബിയിൽനിന്ന് പണം ലഭിച്ചിട്ടും പ്രവൃത്തി നടത്താത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഫറോക്ക് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.പി. സന്ദീപ് കുമാറിനെയാണ് ചേർത്തലയിലേക്ക് സ്ഥലംമാറ്റിയത്. കഴിഞ്ഞ നവംബറിലാണ് ഇദ്ദേഹം ഫറോക്ക് സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തിരുന്നത്. മൂന്ന് മാസം തികയും മുമ്പാണ് സ്ഥലംമാറ്റം.
രാമനാട്ടുകര -പെരുമുഖം – നല്ലൂർ റോഡ് ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെ.എസ്.ഇ.ബി കേബിളുകൾ സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്തിരുന്നത്. പുനരുദ്ധാരണത്തിനുള്ള 42.07 ലക്ഷം കെ.എസ്.ഇ.ബി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് അടച്ചിരുന്നെങ്കിലും മരാമത്ത് ഉദ്യോഗസ്ഥർ പ്രവൃത്തി നടത്തിയില്ല.
മാസങ്ങളായുള്ള ജനങ്ങളുടെ ദുരിതത്തെ തുടർന്ന് പെരുമുഖം പരിസ്ഥിതിസംരക്ഷണ സമിതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് വീഴ്ച വരുത്തിയ പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്കെതിരെ ഫറോക്ക് പൊലീസ് എസ്.എച്ച്.ഒ സന്ദീപ് കുമാർ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതാണ് സ്ഥലംമാറ്റത്തിന് കാരണമായതെന്നാണ് സൂചന.