പേരാമ്പ്ര: യു.ഡി.എഫിന് പുറമെ എൽ.ഡി.എഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ചെറുവണ്ണൂർ പഞ്ചായത്ത് 15ാം വാർഡ് ഉപതെരഞ്ഞെടുപ്പ് രംഗം സജീവമായി. ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.ഐയിലെ കെ.സി. ആസ്യയാണ് രംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ പി. മുംതാസിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇവർ ചൊവ്വാഴ്ച പ്രചാരണമാരംഭിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരുടെ വീടുകളിൽ ഉൾപ്പെടെ കയറി അനുഗ്രഹം വാങ്ങി. ഒമ്പത്, 10 തീയതികളിൽ രണ്ട് ബൂത്ത് കൺവെൻഷനുകൾ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. സി.പി.ഐ പ്രാദേശിക നേതാവിന്റെ ഭാര്യയായ ആസ്യ കുടുംബശ്രീ പ്രവർത്തകയാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൽ.ഡി.എഫ് നേതാക്കളായ എം. കുഞ്ഞമ്മദ്, ആർ. ശശി, പി.കെ.എം. ബാലകൃഷ്ണൻ, വി.കെ. നാരായണൻ, ടി. മനോജ്, എൻ.കെ. വത്സൻ, എം.എം. മൗലവി, കൊയിലോത്ത് ഗംഗാധരൻ എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ 12ന് വൈകീട്ട് അഞ്ചിന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ കക്കറ മുക്കിൽ ഉദ്ഘാടനം ചെയ്യും.ബുധനാഴ്ചയാണ് ഇരുമുന്നണി സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
ബി.ജെ.പി 32 വോട്ടും എസ്.ഡി.പി.ഐ 26 വോട്ടുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയത്. പുതുതായി കൂട്ടിച്ചേർത്ത 158 വോട്ട് ഉൾപ്പെടെ 1527 വോട്ടർമാരാണുളളത്. പഞ്ചായത്ത് ഭരണം തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പായതുകൊണ്ട് വിദേശത്തുനിന്ന് ഉൾപ്പെടെ വോട്ടർമാരെ എത്തിക്കുന്നുണ്ട്. നിലവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.ടി. രാധ അസുഖ ബാധിതയായി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.