കുറ്റ്യാടി : കായക്കൊടിയിൽ ഐ.എൻ.എൽ. നേതാവിന്റെ വീട്ടുമുറ്റത്തെ രണ്ട് സ്കൂട്ടറുകൾ അഗ്നിക്കിരയായനിലയിൽ. വീടിനും കേടുപാട് സംഭവിച്ചു. ഐ.എൻ.എൽ. കുറ്റ്യാടി മേഖലാ ചെയർമാൻ ഇടക്കണ്ടി പോക്കറുടെ വീട്ടുമുറ്റത്തെ സ്കൂട്ടറുകളാണ് ഇന്നലെ പുലർച്ചെ കത്തിച്ച നിലയിൽ കാണപ്പെട്ടത്. വീടിന്റെ മുൻ വാതിലിനും തീപിടിച്ചു.
വാതിൽ ഭാഗികമായും സ്കൂട്ടർ രണ്ടും പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടരയോടെ വീടിനുപുറത്തുനിന്ന് ഉഗ്രശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ മുൻവശത്തെ വാതിലിനരികിൽ എത്തിയപ്പോൾ വാതിൽ കത്തുകയായിരുന്നുവെന്ന് പോക്കർ പറഞ്ഞു. സംഭവത്തെത്തുടർന്ന് തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇ.കെ. വിജയൻ എം.എൽ.എ., നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷ്, തൊട്ടിൽപ്പാലം സി.ഐ. എം.പി. ജേക്കബ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത എടക്കുടി, ഗ്രാമപ്പഞ്ചായത്ത് അംഗം കെ.പി. ബിജു, എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.