വടകര : കേരളത്തിലെ സംരക്ഷിത വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സമീപത്തുള്ള പരിസ്ഥിതിലോല പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ അവരുടെ കാർഷിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയോ ഇല്ലെന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി അശ്വിനി കുമാർ ചൗബേ കെ. മുരളീധരൻ എം.പിയെ രേഖാമൂലം അറിയിച്ചതായി എം.പി യുടെ ഓഫിസ് അറിയിച്ചു.
ഡിസംബർ 22ന് ലോക്സഭയിൽ ചട്ടം 377 അനുസരിച്ച് കെ. മുരളീധരൻ എം.പി ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറിന്റെ ശിപാർശ പ്രകാരമാണ് പരിസ്ഥിതിലോല പ്രദേശങ്ങളെ നിർണയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. വ്യാപാര അടിസ്ഥാനത്തിലുള്ള മൈനിങ്, കരിങ്കൽ ഖനനം, ക്രഷിങ് യൂനിറ്റുകൾ എന്നിവക്കാണ് നിയന്ത്രണമുണ്ടാവുക.
കാർഷിക പ്രവർത്തനത്തെയും ക്ഷീരോൽപാദനത്തെയും, മത്സ്യ കൃഷിയെയും ഇതൊരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും പരിസ്ഥിതി ലോലപ്രദേശങ്ങൾ നിർണയിക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.