എകരൂൽ: സർവിസിന് നൽകിയ ഇലക്ട്രിക് ബൈക്ക് ഷോറൂമിലെ തീപിടിത്തത്തിൽ കത്തിനശിച്ചതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ഉപഭോക്താവിന് പകരം വാഹനം നല്‍കിയില്ലെന്ന് പരാതി. ഉണ്ണികുളം പഞ്ചായത്തിലെ എമ്മംപറമ്പ് പാലക്കണ്ടി സുനിൽ കുമാറാണ് (48) കോഴിക്കോട് നഗരത്തിലെ വാഹന ഷോറൂമിനു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സർവിസിന് നൽകിയ സുനിലിന്റെ വാഹനമടക്കം 10 വാഹനങ്ങളാണ് ആഗസ്റ്റ് 31ന് കോഴിക്കോട്ടെ കോമാക്കി ഷോറൂമിൽ കത്തിനശിച്ചത്.
ഇതിന് പകരമായി ഒരു മാസത്തിനകം പുതിയ വാഹനം നൽകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനി വാഹനം നൽകിയിട്ടും ഷോറൂം അധികൃതർ ഇതുവരെയും വിട്ടുനൽകിയിട്ടില്ല. 1,97,500 രൂപ വിലയുള്ള ബൈക്കാണ് കത്തിനശിച്ചതെന്ന് സുനിൽകുമാർ പറഞ്ഞു. കമ്പനി പുതിയ വാഹനം അനുവദിച്ചിട്ടും ഷോറൂം അധികൃതർ 25,950 രൂപ ആവശ്യപ്പെടുകയാണെന്നാണ് സുനില്‍കുമാർ പറയുന്നത്.
കോഴിക്കോട് കോമാക്കി ഷോറൂമിനു മുന്നിൽ വ്യാഴാഴ്ച മുതൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ് ഇദ്ദേഹം. വാഹന രജിസ്ട്രേഷനും ഇൻഷുറൻസിനുമായി പണം നൽകിയാലേ വാഹനം തരാൻ കഴിയൂവെന്നാണ് ഷോറൂം അധികൃതർ പറയുന്നത്. ഷോറൂം അധികൃതർക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് സുനിൽകുമാർ.