ഭണ്ഡാരവും നേർച്ചപ്പെട്ടികളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന പ്രതി പൊലീസ് പിടിയിൽ. മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല എന്ന നാദാപുരം അബ്ദുല്ലയെയാണ് (60) കുറ്റ്യാടി എസ്.ഐ ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം നിട്ടൂർ പരദേവത ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് അറസ്റ്റിലായത്.
വിവിധ ജില്ലകളിൽ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങൾ പൊളിച്ച് മോഷണം നടത്തിയ കേസിൽ വർഷങ്ങളോളം ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
പയ്യോളി തച്ചൻകുന്ന് കുട്ടിച്ചാത്തൻ ക്ഷേത്രം, വടകരയിലെ ഒരു പള്ളിയിലും കണ്ണൂർ ജില്ലയിലെ വിവിധ അമ്പലങ്ങൾ, പള്ളികൾ എന്നിവിടങ്ങളിലും മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വടകരയിലെ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് കുറ്റ്യാടിയിൽ മോഷണം നടത്തിയത്. കുറ്റ്യാടി എസ്.ഐ മുനീർ, റൂറൽ എസ്.പിയുടെ കീഴിലുള്ള സ്പെഷൽ സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, ഷാജി, ഡിവൈ.എസ്.പിയുടെ സ്ക്വാഡിലുള്ള സദാനന്ദൻ, സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.