വിവാഹാഭ്യര്‍ഥന നിരസിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ എന്‍ജിനീയറായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്.
ആന്ധ്രപ്രദേശ് കൃഷ്ണപുരം സ്വദേശി തപസ്വി(21)യെയാണ് മണികോണ്ട സ്വദേശിയായ ജ്ഞാനേശ്വര്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഗുണ്ടൂരിലെ തപസ്വിയുടെ സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു ദാരുണസംഭവമുണ്ടായത്.
വിജയവാഡയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മൂന്നാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ തപസ്വിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജ്ഞാനേശ്വറും രണ്ടുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയമാണ്. അടുത്തിടെ യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും തപസ്വി ഇത് നിരസിക്കുകയുണ്ടായി.
എന്നാല്‍ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടും ജ്ഞാനേശ്വര്‍ തപസ്വിയെ ശല്യംചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഉപദ്രവം പതിവായതോടെ യുവാവിനെതിരേ തപസ്വി പോലീസിലും പരാതി കൊടുത്തു. തുടര്‍ന്ന് പോലീസ് യുവാവിനെ വിളിച്ചുവരുത്തി താക്കീത് നല്കി വിട്ടയച്ചു. എന്നാല്‍ ഇതിനുപിന്നാലെ വീണ്ടും വിവാഹഭ്യര്‍ഥനയുമായി പ്രതി വിദ്യാര്‍ത്ഥിനിയെ സമീപിച്ചു.
ഗുണ്ടൂരില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമാണ് തപസ്വി താമസിച്ചിരുന്നത്. തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ജ്ഞാനേശ്വര്‍ തിങ്കളാഴ്ച ഇവിടെ എത്തിയത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് തപസ്വിയുടെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് മുറിയിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയ പ്രതി മുറി അകത്തുനിന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ ബഹളംകേട്ട് സമീപവാസികളാണ് ആദ്യം സംഭവസ്ഥലത്ത് ഓടിയെത്തി. ഇവര്‍ വാതില്‍ തകര്‍ത്ത് മുറിയുടെ അകത്തുകടന്ന് തപസ്വിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജ്ഞാനേശ്വറിനെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ തപസ്വി ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.