പയ്യോളി: അയനിക്കാട് കളരിപ്പടിക്കും ഇരിങ്ങലിനുമിടയിൽ ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം കലർന്ന മലിനജലം ഒഴുക്കിവിട്ട നിലയിൽ. ഞായറാഴ്ച പുലർച്ചയോടെ വാഹനത്തിലെത്തി മലിനജലം ഒഴുക്കിവിട്ടതായാണ് കരുതുന്നത്.
കളരിപ്പടിയിലെ സ്വകാര്യ ഹോട്ടലിനു സമീപത്തുനിന്ന് ബസ് സ്റ്റോപ് വരെ 300 മീറ്ററോളം ദൂരത്താണ് പാതയുടെ വടക്കുഭാഗത്ത് മലിനജലം പരന്നൊഴുകിയതായി കാണപ്പെട്ടത്. റോഡിൽനിന്ന് വീടുകളിലേക്ക് നടന്നുപോകുന്ന വഴിയിൽ മലിനജലം കെട്ടിക്കിടന്നത് കാരണം രൂക്ഷഗന്ധം അനുഭവപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് മുൻ വാർഡ് മെംബർ സുരേഷ് പൊക്കാട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ പയ്യോളി നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ശുചീകരിച്ചു. സാനിറ്ററി വിഭാഗം ജോലിക്കാരായ നസീർ, ബാബു എന്നിവരുടെ സംഘമെത്തി മലിനജലം പരന്ന സ്ഥലത്ത് കുമ്മായം വിതറിയതോടെയാണ് രൂക്ഷഗന്ധത്തിന് അൽപം ആശ്വാസമായത്. സംഭവത്തിൽ കുറ്റക്കാരായവരെയും വാഹനത്തെയും കണ്ടെത്തി പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.