വടകര: ആർ.പി.എഫും എക്സൈസും സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ 30 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി. ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് പിൻഭാഗത്തെ ജനറൽ കമ്പാർട്മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനക്ക് എക്സൈസ് ഇൻസ്‌പെക്ടർ കെ.വി. മുരളി, പ്രിവന്റിവ് ഓഫിസർ സോമസുന്ദരം, ആർ.പി.എഫ്.എ എസ്.ഐ കെ.പി. ബിനീഷ്, എക്സൈസ് സി.ഇ.ഒമാരായ മുസ്‌ബിൻ, വിജേഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.