കോഴിക്കോട്: പാർട്ടിയുടെ അപ്രഖ്യാപിത വിലക്കിടെ കോൺഗ്രസ് എം.പി ശശി തരൂർ ഇന്ന് കോഴിക്കോട്ട്. നഗരത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കും. രാവിലെ എം.ടി വാസുദേവൻ നായരെ അദ്ദേഹം സന്ദർശിക്കും. പത്ത് മണിക്ക് ലോയേഴ്സ് കോൺഗ്രസിന്റെ സെമിനാറിലും പങ്കെടുക്കും. നാലുമണിക്ക് നടക്കുന്ന നെഹ്റു ഫൗണ്ടേഷൻ സെമിനാറിലും തരൂർ സംബന്ധിക്കും.
സമ്മർദ്ദം മൂലം യൂത്ത് കോൺഗ്രസ് സെമിനാറിൽ നിന്ന് പിൻമാറിയിരുന്നു. യൂത്ത് കോൺഗ്രസ് സെമിനാറിന്റെ നടത്തിപ്പിൽ നിന്ന് പിൻമാറിയതോടെ എം.കെ. രാഘവൻ എം.പി രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ നടത്താൻ തീരുമാനിച്ചത്. യൂത്ത്കോൺഗ്രസ് പിൻമാറിയതോടെ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.
കോഴിക്കോട്ടെ സെമിനാർ കഴിഞ്ഞ് മലപ്പുറത്തും കണ്ണൂരിലും നടക്കുന്ന വിവിധ പരിപാടികളിലും തരൂർ സംബന്ധിക്കും.