കോഴിക്കോട്: വീണ്ടും പൂജക്കാലം വന്നതറിയിച്ച് പാളയത്ത് തകൃതിയായി കരിമ്പ് കച്ചവടം തുടങ്ങി. വരും ദിവസങ്ങളിൽ കച്ചവടം കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പാളയത്തുനിന്ന് തളിയിലേക്കുള്ള റോഡിലും മാർക്കറ്റിലും തെരുവിലുമെല്ലാം നീലക്കരിമ്പുകളുടെ വലിയ കെട്ടുകൾ നിറഞ്ഞു.
കരിമ്പും മലരും വിൽക്കാനുള്ള താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ നിരവധിയാണ് പ്രവർത്തനം തുടങ്ങിയത്. വലിയ 20 എണ്ണമടങ്ങിയ ഒരു കെട്ട് കരിമ്പിന് 550 മുതൽ 600 വരെയാണ് മൊത്തവില. ഹൈബ്രിഡ് ഇനമടക്കം പ്രധാനമായി മൂന്നിനം കരിമ്പുകളാണ് വിപണിയിലെത്തുന്നത്.
പൊരിയിനങ്ങൾക്ക് കിലോക്ക് 80 രൂപ മുതൽ 160 വരെയാണ് മൊത്തവില. ചോളപ്പൊരി, അരിപ്പൊരി എന്നിവക്കൊപ്പം നെല്ലിന്‍റെ മലരുകളും ലഭ്യമാണ്. പൂജാക്കാലമായതോടെ ദിവസം നിരവധി ലോഡ് കരിമ്പും പൊരിയുമാണ് സേലത്തുനിന്ന് നഗരത്തിലെത്തുന്നത്. പൂജദ്രവ്യങ്ങൾ വാങ്ങാൻ പാളയത്തെ പൂജ സ്റ്റോറുകളിലും നല്ല തിരക്കുണ്ട്. ജില്ലയിൽ വിവിധ മാർക്കറ്റുകളിലേക്ക് പാളയത്തുനിന്നാണ് മൊത്തമായി കരിമ്പ് കൊണ്ടുപോവുന്നത്.