കോഴിക്കോട്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചത് 47,87,65,347 കോടി രൂപയാണെന്ന് റഹീം നിയമ സഹായ സമിതി വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി.
അതിൽ 36,27,34,927 രൂപയുടെ ചെലവ് വന്നതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ പറഞ്ഞു. ആ തുക എന്തുചെയ്യണമെന്നതിൽ റഹീം നാട്ടിൽ വന്നാലുടൻ തീരുമാനമെടുക്കുമെന്നും നിയമ സഹായ സമിതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴി ചിലർ തെറ്റായ വിവരങ്ങളും അപവാദ പ്രചാരണങ്ങളും തുടരുന്ന സഹചര്യത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. നവംബർ 17നാണ് റഹീമിന്റെ കേസ് റിയാദിലെ കോടതി പരിഗണിക്കുന്നത്.
സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
റഹീമിന്റെ മോചനത്തിന് വേണ്ടി കൈകോർത്ത ലോക മലയാളി സമൂഹത്തിനും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും റിയാദിലുൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
ദിയാധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. അതിനിടെ റിയാദിലെത്തിയ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടയിൽ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദിലെ നിയമ സഹായ സമിതി സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി.
സൗദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് കുടുംബം 15 മില്യൻ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുൽ റഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീൽ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടൽ മൂലം 15 മില്യൻ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. റിയാദ് നിയമ സഹായ സമിതിയുടെ നിർദേശ പ്രകാരം 2021ൽ നാട്ടിൽ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു.
റഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സൗദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്.
ദിയ നൽകി മാപ്പ് നൽകാനുള്ള സൗദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിലെ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ റിയാദ് നിയമ സഹായ സമിതി ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാർച്ച് പത്തിന് ആരംഭിച്ചത്. വളരെ സുതാര്യമായി നടന്ന ക്രൗഡ് ഫണ്ടിങ് ആവശ്യമായ തുക ലഭ്യമായതോടെ ഏപ്രിൽ 12ന് അവസാനിപ്പിക്കുകയും ചെയ്തു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾക്ക് ചെലവായ തുകയും ആപ്പ് സൗകര്യം നൽകിയ സ്പൈൻകോഡിന്നുള്ള ടി.ഡി.എസും ഇനത്തിൽ ബാക്കി നൽകണം.
കെ.സുരേഷ് കുമാർ, കെ.കെ. ആലിക്കുട്ടി, എം. ഗിരീഷ്,പി.എം. സമീർ (ഓഡിറ്റർ), അഷ്റഫ് വേങ്ങാട്ട്, ഷകീബ് കൊളക്കാടൻ, മൊയ്ദീൻ കോയ കല്ലമ്പാറ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.