കൊടുവള്ളി: കിഴക്കോത്ത് സ്വദേശിയായ ബിസിനസുകാരനെയും കുടുംബത്തെയും ഭീ ഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തടക്കം മൂന്ന് തൃശൂർ സ്വദേശികൾ പൊലീസ് പിടിയിൽ.
തൃശൂർ കൈപ്പമംഗലം കൂരിക്കുഴി ചൂലൂക്കാരൻ വീട്ടിൽ അബ്ദുൽ അക്ബർ (27), പുതിയ വീട്ടിൽ അൻസാർ (31) എന്നിവരെ ശനിയാഴ്ച മുക്കത്തുനിന്നാണ് പിടികൂടിയത്. കാക്ക രഞ്ജിത്ത് കൊച്ചിയിൽ പൊലീസ് പിടിയിലാവുകയായിരുന്നു. കിഴക്കോത്ത് സ്വദേശിയുടെ ജിം സ്ഥാപനത്തിൽ പരിശീലകനായി പ്രവർത്തിച്ച അബ്ദുൽ അക്ബറിനെ സ്ഥാപനത്തിൽനിന്ന് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പുറത്താക്കിയിരുന്നു. ഇതേതുടർന്ന് കിഴക്കോത്ത് സ്വദേശിയുടെ സ്വകാര്യ ഫോട്ടോകൾ ഇയാൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി കാക്ക രഞ്ജിത്തിനെ ഉപയോഗപ്പെടുത്തി ആദ്യം മൂന്നുലക്ഷം രൂപ കൈക്കലാക്കുകയുണ്ടായി. ഒക്ടോബർ മൂന്നിന് കാക്ക രഞ്ജിത്ത് ഫോണിൽ വിളിച്ച് 10 ലക്ഷംകൂടി ആവശ്യപ്പെട്ടതോടെ കൊടുവള്ളി പൊലീസ് എസ്.എച്ച്.ഒ അഭിലാഷിന് പരാതി നൽകുകയായിരുന്നു.
കേസിൽ സംശയിക്കുന്ന മറ്റ് പ്രതികളെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്.പി നിതിൻ രാജിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷ്, എസ്.ഐ ബേബി മാത്യു, എ.എസ്.ഐ ലിയ, എസ്.സി.പി.ഒമാരായ അനൂപ് തറോൾ, സിൻജിത്, രതീഷ്, സി.പി.ഒമാരായ ഷഫീഖ് നീലിയാനിക്കൽ, കെ.ജി. ജിതിൻ, റിജോ, ശ്രീനിഷ് അനൂപ് കരിമ്പിൽ, രതീപ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.