പേരാമ്പ്ര: നൊച്ചാട് 11ാ വാർഡ് എലിപ്പാറ പൊരേറി ചാലിൽ പറമ്പിൽ പടക്ക നിർമാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് പ്രദേശ വാസികൾ. കാട് വെട്ടിയൊരുക്കുന്നത് കണ്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് പടക്കനിർമാണ ശാലയുടെ വിവരം അറിയുന്നത്.
ഇത് സംബന്ധിച്ച് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ കൈമലർത്തുകയാണ് ചെയ്തത്. വലിയ മുന്നൊരുക്കങ്ങളും നിയന്ത്രങ്ങളും വേണ്ട പടക്ക നിർമാണശാല സ്ഥാപിക്കുന്നത് അധികാരികൾ പോലും വളരെ ലാഘവത്തോടെ കാണുന്നതിൽ വലിയ അസംതൃപ്തിയിലാണ് പ്രദേശ വാസികൾ. നിയുക്ത പടക്ക നിർമാണ ശാലയുടെ 20 മീറ്ററിനുള്ളിൽ ഒന്നിലധികം വീടുകളുണ്ട്.
കൂടാതെ, ഒട്ടനേകം കുടുംബങ്ങൾക്ക് ആവശ്യമായ കുടിവെള്ളം എടുക്കുന്നതും തൊട്ടടുത്ത കിണറ്റിൽ നിന്നാണ്. തൊഴിലവസരങ്ങളുടെ പേരിൽ പടക്ക നിർമാണശാല വന്നാൽ പ്രദേശത്ത് ജനവാസം അസാധ്യമാണെന്നും പ്രദേശത്ത് പുതിയ വീട് വെക്കാനോ സ്ഥലം വിൽപന നടത്താനോ സാധ്യമല്ലെന്നും പ്രദേശ വാസികൾ ചൂണ്ടിക്കാണിക്കുന്നു. ആശങ്ക പരിഹരിക്കുന്നില്ലെങ്കിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവാൻ സാധ്യതയുള്ള പടക്ക നിർമാണ ശാലയുടെ നിർമിതിയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അധികാരികൾ തയാറാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് ആവശ്യപ്പെട്ടു.